ശാസ്ത്രീയതയിലൂന്നിയ അറിവുകളുടെ അടിസ്ഥാനത്തിൽ ഭാവിയെ രൂപകല്പന ചെയ്യുന്ന വികസന രീതിയാണ് യു.എ.ഇ. പിന്തുടരുന്നത്. പരിമിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾപ്പോലും ദീർഘവീക്ഷണത്തോടെയുള്ള നിരവധി ചുവടുവെപ്പുകൾക്കാണ് രാജ്യം പച്ചക്കൊടി കാണിച്ചിട്ടുള്ളത്. ഇന്ന് അതിന്റെയെല്ലാം ഗുണഫലങ്ങൾ വ്യത്യസ്ത മേഖലകളിലായി യു.എ.ഇ.യും ഒപ്പം മറ്റുലോകരാജ്യങ്ങളും ഏറ്റുവാങ്ങുന്നു. വിജയകരമായ ചൊവ്വാ ദൗത്യത്തിന് ശേഷം യു.എ.ഇ.യുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യവും വിരൽചൂണ്ടുന്നത് ഭാവിയെ മുന്നിൽക്കണ്ടുകൊണ്ട് രാജ്യം നടത്തുന്ന ശാസ്ത്രീയമായ അത്തരം ശ്രമങ്ങളിലേക്കാണ്. പുതിയ അറിവുകൾ തേടിയുള്ള അറബ് ലോകത്തിലെ തന്നെ ആദ്യ ചാന്ദ്ര ദൗത്യത്തിന് യു.എ.ഇ. ക്ക് ചുക്കാൻ പിടിക്കാനാകുന്നത് ഒരു നിയോഗമായി കണക്കാക്കാം.

To advertise here,

വിവരശേഖരണം എന്ന ആശയത്തിന് ഈ കാലഘട്ടത്തിൽ പ്രസക്തിയേറെയാണ്. ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തുന്ന ഡേറ്റകളെ മുൻനിർത്തിയാണ് ഇപ്പോൾ ഏത് മേഖലയിലെ പ്രവർത്തനങ്ങളും നടപ്പാക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിലെ പുതിയ സാധ്യതകൾ തേടുന്ന യു.എ.ഇ. അറബ് ലോകത്തിന്റെ പ്രതീക്ഷയാകുന്നു. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വിദഗ്ധ സംഘമാണ് 'റാഷിദ് റോവർ' എന്ന പര്യവേക്ഷണ പേടക നിർമാണത്തിന് ചുക്കാൻ പിടിച്ചിട്ടുള്ളത്.

placeholder

റാഷിദ് റോവറിന്റെ വിക്ഷേപണം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽനിന്ന്‌ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വീക്ഷിക്കുന്നു

ഫ്ലോറിഡയിലെ കേപ് കനാവറെൽ സ്പേസ് സ്റ്റേഷനിൽനിന്ന്‌ 2022 ഡിസംബർ പതിനൊന്നിന് കുതിച്ച റാഷിദ് റോവർ 2023 ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിൽനിന്നുള്ള വിശേഷങ്ങൾ അറിയിച്ചുതുടങ്ങും. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ജപ്പാൻനിർമിത ഹകൂടോ ആർ ലാൻഡറിൽ സജ്ജീകരിച്ച യു.എ.ഇ. നിർമിത പേടകം ചന്ദ്രനിലെ വിവിധ സാധ്യകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് കണ്ടെത്തുക. യു.എ.ഇയുടെ ജനതയുടെ അഭിമാനവും പ്രതീക്ഷയും പേറിയാണ് റാഷിദ് റോവർ കുതിപ്പ് ആരംഭിച്ചിരിക്കുന്നത്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ത്രീഡി ക്യാമറകളും ചാന്ദ്രോപരിതലത്തിലെ നേരിയ വ്യതിയാനങ്ങൾ പോലും വിശകലനം ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്ന സെൻസറുകളുമാണ് റാഷിദ് റോവറിന്റെ പ്രത്യേകതകൾ. ബഹിരാകാശ പര്യവേക്ഷണങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള കാസ്പെക്സ് ക്യാമറകൾ വ്യത്യസ്ത കോണുകളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ സ്‌പേസ് സെന്ററിന് ലഭ്യമാക്കും.

ആഗോള ശാസ്ത്ര സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന റെക്കോഡ് ചെയ്യപ്പെട്ട പത്ത് ജിബി ഫോട്ടോകൾ അടക്കമുള്ള ഡേറ്റകൾ ഇതിലുൾപ്പെടും. ഇവിടെയുള്ള ശിലകൾ, മണ്ണ്, പ്ലാസ്മയുടെ അവസ്ഥ എന്നിവയെക്കുറിച്ചെല്ലാം ഏറ്റവും പുതിയ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. അഞ്ചുമാസത്തെ സഞ്ചാരമാണ് റാഷിദ് റോവറിന് ചന്ദ്രനിലേക്കുള്ളത്. തെക്കുകിഴക്കൻ ചന്ദ്രോപരിതലത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിവരങ്ങളാണ് റാഷിദ് റോവറിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ യു.എ.ഇയുടെ ഈ ദൗത്യത്തെ ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്.

എഴുപത് സെന്റീമീറ്റർ ഉയരവും അൻപത് സെന്റീമീറ്റർ വീതം നീളവും വീതിയുമുള്ള ഉപഗ്രഹത്തിന് പരമാവധി പത്തുകിലോഗ്രാം മാത്രമാണ് ഭാരം. ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ ചന്ദ്ര പര്യവേക്ഷണ പേടകമായ ഇത് പരുക്കൻ ചാന്ദ്രോപരിതലങ്ങളിലൂടെ സഞ്ചരിക്കും. പേടകത്തിന്റെ വലുപ്പവും ഭാരവും വിക്ഷേപണ കാലയളവും അടിസ്ഥാനപ്പെടുത്തിയാണ് ദൗത്യത്തിന്റെ ചെലവ് കണക്കാക്കുക. അഞ്ചുമാസമെടുത്ത് കുറഞ്ഞ ഇന്ധനം മാത്രം ഉപയോഗപ്പെടുത്തിയുള്ള വിക്ഷേപണ രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങാണ് ഈ ദൗത്യത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞഘട്ടം. അത് സങ്കീർണതകൾ ഒന്നുമില്ലാതെ നടത്താൻ കഴിയും വിധത്തിലാണ് പേടകത്തിന്റെ രൂപകല്പന.

ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിൽ ദൗത്യ പരമ്പരകളാണ് രാജ്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ചൈനയിലെ നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് യു.എ.ഇ റോവർ വിക്ഷേപണത്തിനും രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏഴുമാസത്തെ യാത്രയ്ക്ക് ശേഷം യു.എ.ഇയുടെ സ്വന്തം ഉപഗ്രഹമായ ഹോപ് പ്രോബ് 2021 ഫെബ്രുവരി ഒമ്പതിന് ചൊവ്വയിലെത്തിയിരുന്നു. ഇന്ത്യയ്ക്കുശേഷം പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയകരമായി പൂർത്തീകരിക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് അതിലൂടെ യു.എ.ഇ.ക്ക് കൈവരിക്കാനായത്. ചൊവ്വയിൽ ആദ്യമായെത്തുന്ന അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത് രാജ്യവുമായി മാറാൻ യു.എ.ഇക്ക് അതിലൂടെ സാധിച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിൽ അറബ് രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയേകുന്ന ചുവടുവെപ്പുകളാണ് ചാന്ദ്ര ചൊവ്വാ ദൗത്യങ്ങളിലൂടെ യു.എ.ഇ നടത്തുന്നത്.