വാഷിങ്ടണ്‍: ചൈനീസ് ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് വിൽപനയ്ക്ക്  കളമൊരുക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് നാല് കമ്പനികളുമായി തന്റെ ഭരണകൂടം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. എല്ലാ കമ്പനികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും യു.എസ്. പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 

To advertise here,

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ടിക് ടോക്കിന് യുഎസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വില്‍പനയ്ക്ക്തയ്യാറല്ലെങ്കില്‍ രാജ്യത്ത് ടിക്ടോക് നിരോധിക്കുമെന്ന് ഉടമകളായ ബൈറ്റ് ഡാന്‍സിന് യു.എസ്. മുന്നറിയിപ്പും നല്‍കിയിരുന്നു. പുതുതായി അധികാരമേറ്റ ട്രംപ് ഭരണകൂടമാണ് ടിക്ടോക്കിന് ഇളവനുവദിച്ചത്.

ഏപ്രില്‍ അഞ്ച് വരെയാണ് ട്രംപ് ടിക്ടോക്കിന് സമയം നല്‍കിയത്. എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെയായിരുന്നു ഇത്. ടിക്ടോക്ക് വില്‍ക്കുന്നതിനുവേണ്ടി സമയം ഇനിയും നീട്ടിനല്‍കാമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റഅ ജെ.ഡി. വാന്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കള്‍ വാല്‍സ് എന്നിവര്‍ക്കാണ് ടിക്ടോക്കിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനുള്ള ചുമതല.