ആന്ത്രോപിക് സിഇഓ നല്ലവനും ബുദ്ധിശാലിയുമാണെന്നും ട്രംപ്.

മാസങ്ങൾ നീണ്ട കൊമ്പുകോർക്കലിനും വിലക്കിനും എഐ നിയന്ത്രണത്തിനുംശേഷം നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്കിനെക്കുറിച്ചുള്ള നിലപാട് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആന്ത്രോപിക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇപ്പോൾ കരുതുന്നില്ല. ജി7 ഉച്ചകോടിയിലെ കൂടിക്കാഴ്ചയോടെ ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയിയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെട്ടു. അദ്ദേഹം നല്ലവനും ബുദ്ധിശാലിയുമാണെന്നും ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പെന്റഗണുമായി ഇടഞ്ഞതിനെത്തുടർന്ന് മാസങ്ങൾക്കുമുമ്പ് ട്രംപ് ഭരണകൂടം ആന്ത്രോപിക്കിന് വിലക്കേർപ്പെടുത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കമ്പനിയുടെ എഐ മോഡലുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തിന് അനുമതി നൽകണമെന്ന പെന്റഗണിന്റെ ആവശ്യം അമോദെയി നിരാകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ എഐ കമ്പനിയെ ‘സപ്ലൈ ചെയിൻ റിസ്‌ക്’ എന്ന് മുദ്രകുത്തി. ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഫെഡറൽ ഏജൻസികളോട് ട്രംപ് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ തൊട്ടുപിന്നാലെ അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂളുകൾ ഉപയോഗിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നു. കമ്പനിയുടെ ടൂളുകൾ ഒറ്റരാത്രികൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഘട്ടംഘട്ടമായി ഒഴിവാക്കും എന്നുമായിരുന്നു യു.എസിന്റെ വിശദീകരണം. തൊട്ടുപിന്നാലെ ആന്ത്രോപിക് അപകടകരമായ ക്ലോഡ് മിത്തോസ് ടൂൾ പുറത്തിറക്കിയതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ള മിത്തോസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ യു.എസ് ഭരണകൂടത്തിന് പ്രധാന ടെക് കമ്പനി മേധാവികളുടെ യോഗം വിളിച്ചുചേർത്തു. സുരക്ഷ ഉറപ്പാക്കാൻ ക്ലോഡ് മിത്തോസ് ഉപയോഗിക്കണമെന്ന് യു.എസിലെ ബാങ്കുകളോട് ഭരണകൂടം നിർദേശിച്ചു.
ആന്ത്രോപിക് പുറത്തിറക്കിയ ഫേബിൾ 5 മോഡലണ് യു.എസിന് ഏറ്റവുമൊടുവിൽ തലവേദന സൃഷ്ടിച്ചത്. ആമസോണടക്കം അപകടസാധ്യത ചൂണ്ടിക്കാട്ടിയതോടെ ഫേബിൾ 5, മിത്തോസ് 5 മോഡലുകൾ വിദേശരാജ്യങ്ങളിലെ പൗരന്മാർക്ക് ലഭ്യമാക്കുന്നത് തടയണമെന്ന് ട്രംപ് ഭരണകൂടം ആന്ത്രോപിക്കിനോട് നിർദേശിച്ചു. ഇതോടെ രണ്ട് എഐ മോഡലുകളും ആന്ത്രോപിക് പിൻവലിച്ചു. നാടകീയ സംഭവ വികാസങ്ങൾക്കിടെയാണ് ആന്ത്രോപിക്കിനെക്കുറിച്ചുള്ള നിലപാട് ട്രംപ് മാറ്റുന്നത്.
ആന്ത്രോപിക്കിന്റെ എഐ ടൂളുകളെക്കുറിച്ച് വൈറ്റ്ഹൗസ് ആശങ്ക ഉന്നയിച്ചതിനുശേഷം അമോദെയി വളരെ ഉത്തരവാദിത്തത്തോടെ പ്രതികരിച്ചതായി ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. 'രാജ്യ സുരക്ഷ നിസാരമായി എടുക്കാൻ കഴിയില്ല. ജനങ്ങൾ തടവിലാക്കപ്പെടും. രാജ്യസുരക്ഷവെച്ച് കളിക്കാൻ കഴിയില്ല. എന്നാൽ അമോദെയി വളരെ ഉത്തരവാദിത്തത്തോടെ പ്രതികരിച്ചു.' - അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ത്രോപിക്കിനെയോ സിഇഒ അമോദെയിയെയോ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ട്രംപ് നൽകിയത്. 'ഇപ്പോൾ ഇല്ല, പക്ഷെ ഒരാഴ്ച മുൻപ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി കണ്ടിരുന്നു, ഈ വിഷയത്തിലുള്ള ചർച്ചകൾക്കും ജി7 ഉച്ചകോടിയിലെ കൂടിക്കാഴ്ചകൾക്കും ശേഷം അമോദെയിയെക്കുറിച്ചുള്ള തന്റെ ധാരണ മെച്ചപ്പെട്ടു. ആന്ത്രോപിക് സിഇഓ നല്ലവനും ബുദ്ധിശാലിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: President Trump expressed confidence in Anthropic CEO Dario Amodei's responsible handling of AI security concerns., The administration previously restricted access to Anthropic's Fable 5 and Mythos 5 models due to vulnerabilities., Anthropic is collaborating with the White House to establish standards for AI jailbreak prevention and model security., Trump emphasizes the importance of US leadership in AI while aiming to mitigate national security risks.
Published: 20 Jun 2026, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented