മനുഷ്യന്റെ ബുദ്ധിയെ മറികടക്കാന് കഴിയുംവിധം എഐ മോഡലുകളെ കമ്പനികള് എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?

നിർമിതബുദ്ധി വൈകാതെതന്നെ മനുഷ്യന്റെ ബുദ്ധിയെ മറികടക്കുമെന്നാണ് എഐ കമ്പനികളടക്കം പറയുന്നത്. നിരന്തര പരിശീലനത്തിലൂടെ കഴിവുകൾ അനുദിനം വർധിപ്പിക്കുകയാണ് എഐ മോഡലുകൾ. അതിനിടെ യു.എസ് എ.ഐ കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവയുടെ പരിശീലന വിവരങ്ങൾ കോപ്പിയടിച്ച് ചൈനീസ് എഐ മോഡലുകൾ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നു.
മനുഷ്യന്റെ ബുദ്ധിയെ മറികടക്കാൻ കഴിയുംവിധം എഐ മോഡലുകളെ കമ്പനികൾ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്? ഇതുസംബന്ധിച്ച സൂചനകൾ നൽകുന്നതാണ് മൂൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ രഹസ്യ പദ്ധതിയായ പ്രോജക്ട് പനാമയെക്കുറിച്ച് കോടതി രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങൾ.
പുസ്തകം വാങ്ങും പുറംചട്ട കീറും, നശിപ്പിക്കും
എഐ കമ്പനികൾ അപൂർവവും വിപണിയില്ലാത്തതുമായ പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവ വൻതോതിൽ വാങ്ങുകയും അതിനുശേഷം യന്ത്രങ്ങൾ ഉപയോഗിച്ച് അവയുടെ പുറംചട്ട നീക്കം ചെയ്യുകയും പേജുകൾ സ്‌കാൻ ചെയ്യുകയും പിന്നീട് പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു എന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. 2022-ന് മുമ്പുള്ള പുസ്തകങ്ങളാണ് ഈ ഇത്തരത്തിൽ സ്‌കാനിങ്ങിന് വിധേയമാക്കുന്നത്. ഒരു ലക്ഷം പുസ്തകങ്ങൾ വരെ ഓരോ തവണയും രഹസ്യമായും പരസ്യമായും ഓർഡർ നൽകി ഇത്തരത്തിൽ എഐ കമ്പനികൾ ശേഖരിക്കുന്നു.
വിലകൊടുത്ത് വാങ്ങിയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതും പകർപ്പുകൾ പിന്നീട് നശിപ്പിക്കുന്നതും ന്യായമായ ഉപയോഗത്തിന്റെ പരിധിയിൽ വരുമെന്ന് ഒരു ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇതിന്റെയടക്കം പിൻബലത്തോടെയാണ് ആന്ത്രോപിക്കിന്റെ നീക്കങ്ങൾ. വൻതോതിലുള്ള ഈ പ്രവർത്തനങ്ങളെയാണ് 'പ്രോജക്റ്റ് പാനാമ' എന്ന് ആന്ത്രോപിക് വിശേഷിപ്പിക്കുന്നത്.
വളരെ കുറഞ്ഞ കോപ്പികൾ മാത്രം അവശേഷിക്കുന്ന അപൂർവ പുസ്തകങ്ങൾ പോലും ഈ പ്രക്രിയയിലൂടെ അതിവിശാലമായ എഐ പരിശീലന പദ്ധതിയുടെ ഭാഗമാകുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പുസ്തക വിൽപനക്കാരും, അവയുടെ വലിയ ഡാറ്റാബേസ് പരിപാലിക്കുന്നവരും ഇടനിലക്കാരും അടക്കമുള്ളവർ ഇക്കാര്യങ്ങൾ പലതും സ്ഥിരീകരിച്ചിട്ടുണ്ട്.
വിവരങ്ങൾ എങ്ങനെ പുറത്തുവന്നു
നിയമപരമായി വാങ്ങിയ പ്രിന്റ് പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതും അതുവഴി ലഭിക്കുന്ന ഡിജിറ്റൽ പകർപ്പുകൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതും ന്യായമായ ഉപയോഗമാണെന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം അൽസപ്പ് 2025 ജൂണിൽ വിധിച്ചിരുന്നു. പ്രിന്റ് പകർപ്പുകളിൽനിന്ന് പുതിയ പകർപ്പുകൾ സൃഷ്ടിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാതെ ഡിജിറ്റൽ പതിപ്പുകൾ ഉപയോഗിക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ആന്ത്രോപിക് പകർപ്പവകാശ ലംഘനം നടത്തിയെന്ന കേസുകൾ 1.5 ബില്യൺ (150 കോടി) ഡോളറിന് ഒത്തുതീർപ്പാക്കിക്കൊണ്ടായിരുന്നു ഇത്. ഈ കേസിന്റെ ഭാഗമായി പുറത്തിറക്കിയ കോടതി രേഖകളാണ് 2024-ന്റെ തുടക്കത്തിൽ ആരംഭിച്ച പ്രോജക്റ്റ് പനാമയുടെ വിശദാംശങ്ങൾ പുറംലോകത്തെത്തിച്ചത്.
പ്രോജക്റ്റ് പനാമ
ലോകത്തിലെ എല്ലാ പുസ്തകങ്ങളും സ്‌കാൻ ചെയ്യാനുള്ള പദ്ധതിയാണ് പ്രോജക്റ്റ് പനാമ എന്ന് ആന്ത്രോപിക്കിന്റെതന്നെ രേഖകൾ വ്യക്തമാക്കുന്നു. പദ്ധതി രഹസ്യമായി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് കോഡ് നെയിം ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ആന്ത്രോപിക് ജീവനക്കാർക്ക് അറിയുന്നതാണ്. പൊതുവേദികളിൽ ഇതേക്കുറിച്ച് സംസാരിക്കരുതെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് പുറത്ത് ആരുമായും പങ്കുവെക്കരുതെന്നും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആറ് മാസത്തിനിടെ വാങ്ങുന്നത് 20 ലക്ഷത്തോളം പുസ്തകങ്ങൾ
എഐ പരീശിലനത്തിനായി പുസ്തകങ്ങൾ ലഭ്യമാകാൻ വലിയ നീക്കങ്ങളാണ് ആന്ത്രോപിക് നടത്തിയത്. ഗൂഗിൾ ബുക്‌സിന്റെ മുൻ മേധാവികളിൽ ഒരാളായിരുന്ന ടോം ടർവിയെ ആന്ത്രോപിക് ഇതിനായി കമ്പനിയിൽ നിയമിച്ചു. ബെറ്റർ വേൾഡ് ബുക്‌സ്, വേൾഡ് ഓഫ് ബുക്‌സ് തുടങ്ങിയ പഴയ പുസ്തകങ്ങളുടെ വിൽപ്പനക്കാരിൽ നിന്ന് കമ്പനി വൻതോതിൽ പുസ്തകങ്ങൾ വാങ്ങി. ആറ് മാസത്തിനിടെ അഞ്ച് ലക്ഷം മുതൽ 20 ലക്ഷംവരെ പുസ്തകങ്ങൾ വരെ വാങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതിവേഗം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് വരുന്ന പുസ്തകങ്ങളുടെ പുറംചട്ടകൾ നീക്കം ചെയ്യുകയും പേജുകൾ കീറി വേർതിരിക്കുകയും ചെയ്യുന്നത്. തുടർന്ന് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌കാനറുകൾ ഉപയോഗിച്ച് അവ സ്‌കാൻ ചെയ്യുന്നു. അതിനുശേഷം പുസ്തകങ്ങൾ നശിപ്പിക്കുകയോ റീസൈക്ലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്നു.
നെതർലാൻഡ്സ്, ജർമനി, സ്വിറ്റ്‌സർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിലെ പുസ്തക വിൽപനക്കാർ ഇത്തരത്തിലുള്ള വലിയ ഓർഡറുകൾ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നീക്കങ്ങൾ പരിമിതമായ കോപ്പികൾ മാത്രം അവശേഷിക്കുന്ന അസാധാരണമായ പതിപ്പുകൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടാൻ ഇടയാക്കുമെന്ന ആശങ്ക പുസ്തക ഡീലർമാർ പ്രകടിപ്പിക്കുന്നു.
കോടതിയിൽനിന്ന് ലഭിച്ച നിയമപരമായ സംരക്ഷണം എഐ പരിശീലനത്തിനായി പുസ്തകങ്ങൾ വൻതോതിൽ വാങ്ങുന്നതിന് ആന്ത്രോപിക് അടക്കമുള്ള എഐ കമ്പനികൾക്ക് പിന്തുണ നൽകുന്നുണ്ട്. ഇത്തരം രീതികൾ ഒരു കമ്പനിയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രഹസ്യ സ്വഭാവത്തോടെ വൻതോതിൽ നടക്കുന്നുണ്ടെന്നും ഇടനിലക്കാരടക്കം വെളിപ്പെടുത്തുന്നു.
Content Highlights: AI firms are bulk-buying and destructively scanning pre-2022 books for model training., The 2025 Bartz v. Anthropic ruling established that digitizing and destroying physical copies is fair use., Project Panama reveals large-scale industrial scanning operations by Anthropic., Brokers like ISBNdb facilitate anonymous bulk acquisitions of rare and out-of-print titles., Concerns are rising regarding the loss of physical historical records and the potential for AI to alter canonical texts.
Published: 29 Jul 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented