നീറ്റ് യുജി പുനഃപരീക്ഷയുടെ മുന്നോടിയായി ഒരാഴ്ചയോളം നിരോധനം ഏർപ്പെടുത്തിയ ടെലഗ്രാം രാജ്യത്ത് വീണ്ടും സജീവമായി. ചൊവ്വാഴ്ച രാവിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ടെലഗ്രാം ആപ്പ് തിരികെ എത്തി. നിരോധനത്തെ തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിൾ ആപ്പ്‌സ്‌റ്റോറിൽനിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രമാണ് ആപ്പ് തിരികെ എത്തിയത്. ആപ്പിൾ ആപ്പ്‌സ്റ്റോറിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 ആയിട്ടും ടെലഗ്രാം തിരികെ എത്തിയിട്ടില്ല. എങ്കിലും ഐഫോണിൽ ടെലഗ്രാം നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET 2026) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ചാ റാക്കറ്റുകൾ ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യയിൽ ടെലഗ്രാമിന് അധികൃതർ ജൂൺ 22 വരെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ജൂൺ 30 വരെ ടെലഗ്രാമിലെ എഡിറ്റിങ് ഫീച്ചറിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇത് ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുകയും അതിൽ ചോദ്യപേപ്പർ പകർപ്പ് നൽകി പരീക്ഷാ പേപ്പർ ചോർന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അത് വീണ്ടും പ്രക്ഷോഭങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാനിടയുണ്ടെന്ന കാരണത്താലാണ് വിലക്ക് ഏർപ്പെടുത്തിയത്. ആപ്പ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും എഡിറ്റിങ് ഫീച്ചർ ഇപ്പോൾ ലഭ്യമല്ല.
നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അധികൃതർ ജൂൺ മൂന്നിന് ടെലഗ്രാം പ്രതിനിധികളുമായി ചർച്ച നടത്തുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ടെലഗ്രാമിന്റെ എല്ലാ പതിപ്പുകൾക്കും ജൂൺ 22 വരെ താത്കാലിക വിലക്കേർപ്പെടുത്തിയത്.
ഇതിനെതിരേ ടെലഗ്രാം മേധാവി പാവെൽ ദുറോവ് രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. കോടിക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. മെറ്റയും റിലയൻസും ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും വാട്സാപ്പിനെ സഹായിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ ആരോപണം തള്ളി റിലയൻസ് രംഗത്തുവന്നിരുന്നു. നിരോധനത്തിനെതിരേ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധന ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു.
Content Highlights: Following a temporary ban linked to NEET UG exam paper leak concerns, Telegram has resumed its services on the Google Play Store in India, although the message editing feature remains restricted until June 30 to prevent the spread of misinformation.
Published: 23 Jun 2026, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented