ഇന്ത്യയിലെ സൈബർ സുരക്ഷാ കമ്പനികൾക്ക് സ്വന്തം രാജ്യത്ത് ഉപഭോക്താക്കളെ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് പ്രമുഖ ഇന്ത്യൻ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ 'ടെക്നിസാങ്ക്ട്' (Technisanct) സി.ഇ.ഒ നന്ദകിഷോർ ഹരികുമാർ. ഇന്ത്യ ഒരു 'റിജക്ഷൻ മാർക്കറ്റ്' (Rejection Market) ആണെന്നും, ഒരു കമ്പനിയെ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ പ്രധാനമായും നോക്കുന്നതെന്നും ഇന്ത്യയിലെ സങ്കീർണ്ണമായ നടപടിക്രമങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

To advertise here,

മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സൈബർ സുരക്ഷാ രംഗത്ത് വിദേശ കമ്പനികളുടെ പേരുകൾ സുപരിചിതമാകുമ്പോഴും എന്തുകൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് വേണ്ടത്ര പ്രാതിനിധ്യമില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന ഉപഭോക്താക്കൾ വിദേശത്ത്

ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികളുണ്ട്. ഇത്രയും വലിയൊരു വിപണിയായിട്ടും തങ്ങളുടേതുൾപ്പെടെയുള്ള പല കമ്പനികളുടെയും പ്രധാന ഉപഭോക്താക്കൾ വിദേശത്ത് നിന്നുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഞങ്ങളുടെ 98 ശതമാനം ഉപഭോക്താക്കളും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഏറ്റവും ഒടുവിൽ ഞങ്ങൾ കരാറിലെത്തിയത് സ്പാനിഷ് പോലീസുമായാണ്. കൊച്ചിയിലിരുന്നാണ് സ്പാനിഷ് പോലീസിന് ആവശ്യമായ ആക്ടീവ് മോണിറ്ററിങ്ങും ഇന്റലിജൻസ് ഡാറ്റയും ഞങ്ങൾ നൽകുന്നത്," അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകളോടും ഉൽപ്പന്നങ്ങളോടും വിദേശ രാജ്യങ്ങൾ കൂടുതൽ തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും നന്ദകിഷോർ വ്യക്തമാക്കി.

സങ്കീർണ്ണമായ ഇന്ത്യൻ ടെൻഡർ നടപടികൾ

ഇന്ത്യൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കണമെങ്കിൽ ഏറെ സങ്കീർണ്ണമായ ടെൻഡർ നടപടികളിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ വിദേശത്ത് സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. സൗദി അറേബ്യ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി പ്രവർത്തിക്കുമ്പോൾ നടപടിക്രമങ്ങൾ വളരെ ലളിതമാണ്. അവർക്ക് ഒരു ഉൽപ്പന്നം ആവശ്യമെന്നു തോന്നിയാൽ, അത് സ്വന്തമാക്കാനുള്ള വഴി അവർ തന്നെ കണ്ടെത്തും.

വിദേശത്തെ തുറന്ന സമീപനം

യൂറോപ്യൻ യൂണിയന് പുറത്തുള്ള കമ്പനിയായതിനാൽ സ്വീഡിഷ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി സഹകരിക്കുന്നതിന് നിയമപരമായ ചില തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ വെറും 30 ദിവസത്തിനുള്ളിൽ ഈ തടസ്സങ്ങൾ നീക്കിയാണ് അവർ ടെക്നിസാങ്ക്ടുമായി കരാറിലെത്തിയത്. സാമ്പത്തികമായി ചില ഇളവുകൾ നൽകിയപ്പോൾ, പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അവർ തങ്ങളുടെ സേവനം സ്വീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങൾ ഇതിന് വിപരീതമാണ്. ഇവിടെയൊരു ബാങ്കുമായി ചേർന്ന് പ്രവർത്തിക്കണമെങ്കിൽ കഴിഞ്ഞ 10 വർഷത്തെ മൊത്തം വിറ്റുവരവ് 50 കോടി രൂപ വേണമെന്നതുപോലുള്ള നിബന്ധനകളാണ് പലപ്പോഴും മുന്നോട്ടുവെക്കുന്നത്. ഇത്തരം സങ്കീർണ്ണതകളാണ് ഇന്ത്യൻ കമ്പനികൾ സ്വന്തം രാജ്യത്ത് നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ൽ ആരംഭിച്ച ടെക്നിസാങ്റ്റ് തുടക്കത്തിൽ ബൈജൂസ്, വേദാന്തു, അൺഅക്കാഡമി, പേടിഎം, ഓല തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്റ്റാർട്ടപ്പുകളുടെയെല്ലാം സൈബർ സുരക്ഷാ ചുമതല മുഴുവനായും ഏറ്റെടുത്ത് നടത്തിയിരുന്നു. പിന്നീട് വെറുമൊരു സേവനദാതാവായി ഒതുങ്ങാതെ സ്വന്തമായി ഒരു സാങ്കേതിക ഉത്പന്നം വികസിപ്പിക്കുക എന്നതിലേക്ക് കമ്പനിയുടെ പ്രവർത്തനം മാറി. അങ്ങനെയാണ് 2023 സെപ്റ്റംബറിൽ 'ഫാൽക്കൺഫീഡ്സ്' (FalconFeeds) എന്ന ഇന്ത്യൻ നിർമിത സൈബർ സുരക്ഷാ നിരീക്ഷണ പ്ലാറ്റ്‌ഫോം പിറവിയെടുക്കുന്നത്. 2023 ഡിസംബറോടെ വലിയ രീതിയിലുള്ള ആഗോള ഉപഭോക്താക്കളെ ഈ ഉത്പന്നത്തിലേക്ക് ആകർഷിക്കാൻ അവർക്ക് സാധിച്ചു. നിലവിൽ ആഗോളതലത്തിൽ 200-ഓളം ഉപയോക്താക്കളുണ്ട്. വിദേശ ഭരണകൂട സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്.