
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സിലിക്കൺ ചിപ്പ് നിർമാണ ശാല സ്ഥാപിക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും ഡച്ച് സാങ്കേതിക ഭീമനായ എഎസ്എംഎല്ലും (ASML) തമ്മിൽ കരാറിലെത്തി. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ചിപ്പ് നിർമാണത്തിനാവശ്യമായ ലിത്തോഗ്രാഫിക് സാങ്കേതികവിദ്യ എഎസ്എംഎൽ ടാറ്റയ്ക്ക് നൽകും. ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ ഇന്റൽ, സാംസങ്, ടിഎസ്എംസി തുടങ്ങിയവർ ഉപയോഗിക്കുന്ന അത്യാധുനിക ഇയുവി ലിത്തോഗ്രാഫിക് മെഷീനുകൾ നിർമിക്കുന്ന ലോകത്തിലെ ഏക കമ്പനിയാണ് എഎസ്എംഎൽ.
എ.എസ്.എം.എൽ സ്വന്തമായി ചിപ്പുകൾ നിർമിക്കുന്നില്ലെങ്കിലും, ലോകത്തിലെ ഏറ്റവും വിപുലമായ സിലിക്കൺ ചിപ്പുകൾ നിർമിക്കുന്നതിനുള്ള മെഷീനുകൾ തയ്യാറാക്കുന്നത് ഇവരാണ്. ഇന്റൽ മുതൽ ടി.എസ്.എം.സി (TSMC), സാംസങ് വരെയുള്ള ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളെല്ലാം ഈ മെഷീനുകളാണ് ഉപയോഗിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെയും സാന്നിധ്യത്തിലാണ് ഇരുകമ്പനികളും തമ്മിലുള്ള കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഈ കാൽവെപ്പ് രാജ്യത്തെ യുവാക്കൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും, വരുംകാലങ്ങളിൽ ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ (X) കുറിച്ചു.
ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ 300 മില്ലിമീറ്റർ വാണിജ്യ ഫാബ് വികസിപ്പിച്ചുവരികയാണ് ടാറ്റ ഇലക്ട്രോണിക്സ്. ഈ നിർമാണ ശാലയ്ക്ക് വേണ്ടി എഎസ്എംഎൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ടാറ്റയ്ക്ക് സാധിക്കും.
നിലവിൽ, തായ്‌വാനിലെ പിഎസ്എംസിയുമായി (PSMC) സഹകരിച്ച് 28nm, 40nm, 55nm, 90nm, 110nm നോഡുകളുള്ള ചിപ്പുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ടാറ്റ ആരംഭിച്ചിട്ടുണ്ട്. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ 28nm സിലിക്കൺ ചിപ്പുകൾ ഈ വർഷം തന്നെ ഫാബിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Tata Electronics has partnered with Dutch technology giant ASML to secure cutting-edge lithography technology for building India's first commercial 300mm silicon chip manufacturing fab in Dholera.
Published: 17 May 2026, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented