വാഹന നിർമാതാക്കൾക്ക് പിന്നാലെ സെമികണ്ടക്ടർ കമ്പനികൾക്കും കടുത്ത ഭീഷണി ഉയർത്തി ചൈന. യൂറോപ്പിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന ടെക് കമ്പനിയും ലോകത്തെ മുൻനിര സെമികണ്ടക്ടർ വിതരണക്കാരിൽ ഒന്നുമായ ASML-ന് ചൈനിസ് കമ്പനികൾ കടുത്ത ഭീഷണി ഉയർത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ASML-ന്റെ ഓഹരികളിൽ ഗണ്യമായ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കമ്പനിയുടെ വിപണി മൂല്യത്തിൽ കോടികളുടെ നഷ്ടം വരുത്തുന്നതായിരുന്നു ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി.

To advertise here,

ASML ദീർഘകാലമായി ആധിപത്യം പുലർത്തിവന്ന ഡീപ് അൾട്രാവയലറ്റ് (DUV) ലിത്തോഗ്രഫി യന്ത്രങ്ങൾ ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള കമ്പനി നിർമ്മിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പുറത്തുവന്ന ശേഷമാണ് ഡച്ച് കമ്പനിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ സാങ്കേതികവിദ്യ ASML-നെക്കാൾ വളരെ പിന്നിലാണെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യു.എസിന്റെയടക്കം കടുത്ത കയറ്റുമതി നിയന്ത്രണങ്ങൾക്കിടയിലും നൂതന ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ചൈന. ആഗോള സെമികണ്ടക്ടർ വ്യവസായ രംഗത്തെ ASML-ന്റെ ശക്തമായ സ്ഥാനത്തിന് ചൈന വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

DUV ചിപ്പ് നിർമ്മാണ യന്ത്രങ്ങൾ നിർമ്മിച്ച് ചൈന

ചൈനീസ് സർക്കാർ പിന്തുണയുള്ള ഇമ്മേഴ്ഷൻ എന്ന കമ്പനിയാണ് DUV ലിത്തോഗ്രഫി യന്ത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുള്ളത്. അവർ വികസിപ്പിച്ച യന്ത്രങ്ങൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ASML-ന്റെ സാങ്കേതികവിദ്യയുമായി അവയെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഈ വർഷം അഞ്ച് DUV യന്ത്രങ്ങളും അടുത്ത വർഷം ഏകദേശം 20 യന്ത്രങ്ങളും നിർമിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. അതേസമയം ഈ വർഷംതന്നെ സമാനമായ 130 യന്ത്രങ്ങൾ നിർമിക്കാനാണ് ASML പദ്ധതിയിടുന്നത്. എന്നിരുന്നാലും വിദേശ ചിപ്പ് നിർമ്മാണ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങളിലെ മറ്റൊരു മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.

സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന DUV ലിത്തോഗ്രഫി സിസ്റ്റങ്ങളുടെ ആഗോള വിപണിയിൽ ASML-നാണ് നിലവിൽ ആധിപത്യം. ചൈനയിൽനിന്ന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ആഗോള AI മുന്നേറ്റം സെമികണ്ടക്ടർ നിർമ്മാണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനാൽ ASML ഉപകരണങ്ങൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നുണ്ട്. ചിപ്പ് നിർമ്മാതാക്കളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അതിന്റെ EUV യന്ത്രങ്ങൾക്കുള്ള ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.