യൂറോപ്പിലും ഏഷ്യയിലും കൊടുംചൂട് മനുഷ്യജീവിതം ദുസ്സഹമാക്കുന്നുണ്ട്. ചൂടിൽനിന്ന് രക്ഷനേടാനുള്ള വഴികളെക്കുറിച്ച് തലപുകച്ച് ചിന്തിക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരാസൂത്രണ വിദഗ്ധർ അടക്കമുള്ളവർ. എയർ കണ്ടീഷനിങ് ചൂടിന് പരിഹാരമാണെന്ന് തോന്നാമെങ്കിലും എല്ലാ വീടുകളിലും എസി യൂണിറ്റുകൾ സ്ഥാപിക്കുന്നത് ഒരു കെണിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

To advertise here,

എയർ കണ്ടീഷനിങ് ഒരു സുസ്ഥിര പരിഹാരമല്ല; എന്തുകൊണ്ട്

നേച്ചർ റിവ്യൂസ് ക്ലീൻ ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച സമീപകാല റിപ്പോർട്ടനുസരിച്ച് ലോകത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ഏകദേശം 10 ശതമാനവും കെട്ടിടങ്ങൾ തണുപ്പിക്കുന്നതിന് വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. 2050 ആകുമ്പോഴേക്കും വീടുകൾ തണുപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി 210 ശതമാനമായി വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എയർ കണ്ടീഷനിങ്ങിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം മൂന്നിരട്ടി വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഊർജ ഉപയോഗത്തിനപ്പുറം പരമ്പരാഗത എയർ കണ്ടീഷനിങ്ങിന് മൂന്ന് നിർണായക പോരായ്മളുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തേത് വൈദ്യുതിവിതരണ ഗ്രിഡുകൾക്ക് നേരിടേണ്ടിവരുന്ന സമ്മർദമാണ്. കാര്യക്ഷമമായ വൈദ്യുതി വിതരണത്തെതന്നെ ഇത് സാരമായി ബാധിക്കാനിടയുണ്ട്.

രണ്ടാമത്തേത് എയർ കണ്ടീഷനിങ് സംവിധാനങ്ങൾ ഒരു പ്രദേശത്തെയാകെ ചൂട് വർധിപ്പിക്കാനുള്ള സാധ്യതയാണ്. സാധാരണ സ്പ്ലിറ്റ് എസി യൂണിറ്റുകൾ ചൂട് പുറത്തെടുത്ത് പുറത്തേക്ക് തള്ളുന്നതിലൂടെ വീടിനുള്ളിലെ മുറികൾ തണുപ്പിക്കുന്നു. എന്നാൽ ഇത് വീടിന് പുറത്തുള്ള ഒരു പ്രദേശത്തെ മുഴുവൻ ചൂട് വർധിപ്പിക്കുകയും കൂടുതൽ എ.സികളുടെ ആവശ്യം പ്രദേശത്ത് സൃഷ്ടിക്കുകയും ചെയ്യുന്നു.

മൂന്നാമത്തേത് സാമ്പത്തിക കാരണങ്ങളാണ്. മെക്‌സിക്കോ, ഇൻഡൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ 10 ലക്ഷം കുടുംബങ്ങൾക്ക് 2040-ഓടെ വൈദ്യുതി ലഭിക്കുമെന്ന് കരുതപ്പെടുന്നുവെങ്കിലും എസി വാങ്ങാനുള്ള ശേഷി അവർക്ക് അന്നും ഉണ്ടാകാനിടയില്ല. ഈ സാഹചര്യത്തിലാണ് ഗവേഷകർ ബദൽ നിർദേശങ്ങളുമായി രംഗത്തെത്തുന്നത്.

ശാസ്ത്രജ്ഞർ മുന്നോട്ടുവെക്കുന്ന മാർഗങ്ങൾ ഇവയാണ്:

പ്രത്യേക പെയിന്റുകൾ, ഹൈഡ്രോജൽ ഫിലിമുകൾ, റേഡിയേറ്റീവ് കോട്ടിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള പാസീവ് കൂളിങ് മെറ്റീരിയലുകളിലെ മുന്നേറ്റങ്ങൾ വ്യാപകമായി എസി ഉപയോഗിക്കാതെതന്നെ കെട്ടിടങ്ങളിലെ താപനില കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

റേഡിയേറ്റീവ് പെയിന്റുകൾ ഉപയോഗിച്ച് കെട്ടിടങ്ങളിലെ താപനില കുറയ്ക്കാൻ കഴിയും എന്നതാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളിൽ ഒന്ന്. അവ സൗരോർജത്തെ പ്രതിഫലിപ്പിക്കുന്നതിനായി മൈക്രോസ്‌കോപ്പിക് സിലിക്ക, അലൂമിനിയം ഓക്‌സൈഡ് എന്നിവ ഉൾക്കൊള്ളുന്നതാണ്. ഇത് 97 ശതമാനത്തോളം സൗരോർജത്തെയും പ്രതിഫലിപ്പിക്കുകയും താപനില ഏകദേശം 5.26 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ പരിഹാരം ബാഷ്പീകരിക്കപ്പെടുന്ന ഹൈഡ്രോജൽ ഫിലിമുകളാണ്. അവ രാത്രിയിൽ ഈർപ്പം ആഗിരണം ചെയ്യുകയും ചൂടുകാലത്ത് വെള്ളം ബാഷ്പീകരിക്കുകയും ചൂടിനെ അകറ്റുകയും ചെയ്യുന്നു. ഇവ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുള്ള താപനില ഏകദേശം 7 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യ പിന്തുടരുന്ന കോട്ടിങ്ങുകൾ മേൽക്കൂരകളിലും ചുമരുകളിലും പ്രയോഗിക്കുന്നത് കെട്ടിടത്തെ മുഴുവൻ സ്വയം തണുപ്പിക്കുന്ന യൂണിറ്റാക്കി മാറ്റുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.