കോണ്‍ഫറന്‍സ് വീഡിയോ കോളുകള്‍ എളുപ്പമാക്കുന്ന പുതിയ മീറ്റ് നൗ ഫീച്ചറുമായി സ്‌കൈപ്പ്. ലോക്ക് ഡൗണ്‍ കാലത്ത് സൂം, ഹൗസ് പാര്‍ട്ടി പോലുള്ള സേവനങ്ങള്‍ക്ക് ജനപ്രീതി വര്‍ധിച്ച സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

ഇത് വഴി സ്‌കൈപ്പില്‍ അക്കൗണ്ട് തുടങ്ങാതെ തന്നെ വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗമാവാം. സൂമിലേത് പോലെ ഒരു പ്രത്യേക ലിങ്ക് വഴിയാണ് കോണ്‍ഫറന്‍സ് കോളിലേക്ക് പ്രവേശിക്കുക. ഈ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെക്കാം. വീഡിയോ കോണ്‍ഫറന്‍സിനിടെ സ്‌കൈപ്പിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. 

കഴിഞ്ഞ കുറച്ചുകാലമായി കോര്‍പ്പറേറ്റ് കമ്പനികളും മറ്റും വീഡിയോ കോണ്‍ഫറന്‍സിനായും അഭിമുഖങ്ങള്‍ക്കായും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സൂം ആപ്പിനും സമാനമായ ഹൗസ് പാര്‍ട്ടി ആപ്പിനും വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ അടുത്തിടെ ഈ രണ്ട് സേവനങ്ങളും  സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് ഏറെക്കാലമായി വിശ്വാസ്യതയാര്‍ജ്ജിച്ച മൈക്രോസോഫ്റ്റില്‍ നിന്നുള്ള സ്‌കൈപ്പ് വീഡിയോകോളിങ് എളുപ്പമാക്കുന്ന ഫീച്ചറുമായി രംഗത്തെത്തുന്നത്. 

മീറ്റ് നൗ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കാന്‍ ആളുകള്‍ സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ട് തുറക്കുകയോ വേണ്ട. കോണ്‍ഫറന്‍സ് കോളിന് തുടക്കമിടുന്ന അഡ്മിന് പ്രത്യേകം ലിങ്ക് നിര്‍മിക്കാം. ഈ ലിങ്ക് വീഡിയോകോളില്‍ പങ്കെടുക്കേണ്ടവര്‍ക്ക് അയച്ച് നല്‍കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരെ ബ്രൗസറിലാണ് കോണ്‍ഫറന്‍സ് കോള്‍ വിന്‍ഡോ തുറക്കുക. ഈ ലിങ്കിന് സമയ പരിധിയില്ല ഏത് സമയത്തും ഇത് ഉപയോഗിക്കാം. 

ഈ സൗജന്യ സേവനം ഉപയോഗിക്കുമ്പോള്‍ സ്‌കൈപ്പില്‍ ലഭ്യമായ മറ്റു സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താം. വീഡിയോകോള്‍ റെക്കോഡിങ്, വീഡിയോകോളിന് മുമ്പ് പശ്ചാത്തലം ബ്‌ളര്‍ ചെയ്യാനുള്ള സൗകര്യം പോലുള്ള സൗകര്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. വീഡിയോകോള്‍ ചെയ്യാന്‍ സൗകര്യമുള്ള ഏത് ഉപകരണത്തിലും മീറ്റ് നൗ ഉപയോഗപ്പെടുത്താം. 

Content Highlights: Skype Introduces New ‘Meet Now’ Feature to Rival Zoom