പത്തനംതിട്ട: സുരക്ഷിതമായ ശബരിമല തീര്ത്ഥാടനം ഉറപ്പാക്കാനായി ടെലികോം ഓപ്പറേറ്ററായ വിയും കേരളപോലീസും സഹകരിക്കുന്നു. കഴിഞ്ഞ വര്ഷം 'വി സുരക്ഷ' പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്ന്നാണ് ഈ വര്ഷവും കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര് കോഡോടുകൂടിയ റിസ്റ്റ് ബാന്ഡുകള് നല്കുന്നതിന് വി വീണ്ടും കേരള പോലീസുമായി സഹകരിക്കുന്നത്. കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാന്ഡ് രക്ഷിതാവിന്റെ മൊബൈല് നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല് കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കല് ഏല്പ്പിക്കാന് ഇതിലൂടെ പോലീസിന് സാധിക്കും.
വി യുടെ ലളിതമായ രജിസ്ട്രേഷന് പ്രക്രിയയിലൂടെ ശബരിമലയില് എത്തുന്നതിന് മുന്പ് തന്നെ വി സുരക്ഷ റിസ്റ്റ് ബാന്ഡിനായി രജിസ്റ്റര് ചെയ്ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്കില് നിന്നും ബാന്ഡ് കൈപ്പറ്റാം. മാതാപിതാക്കള്ക്കോ അല്ലെങ്കില് രക്ഷകര്ത്താക്കള്ക്കോ www.visuraksha.online എന്ന വെബ്സൈറ്റില് ലോഗിന് ചെയ്തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര് അല്ലെങ്കില് വി മിനി സ്റ്റോറില് നേരിട്ടെത്തിയോ കുട്ടികള്ക്കുള്ള 'വി സുരക്ഷാ റിസ്റ്റ് ബാന്ഡ്' നായി മുന്കൂര് രജിസ്റ്റര് ചെയ്യാം. തീര്ത്ഥാടനത്തിന് പുറപ്പെടുന്നതിനു മുന്പ് ഡിജിറ്റല് രജിസ്ട്രേഷന് ഐഡി ലഭിക്കും.
തീര്ത്ഥാടന സമയത്ത് പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്കില് ഡിജിറ്റല് രജിസ്ട്രേഷന് ഐഡി കാണിച്ചാല് അവരുടെ കോണ്ടാക്ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്തിരിക്കുന്ന ക്യൂആര് കോഡ് ബാന്ഡ് ലഭിക്കും. ഈ സൗകര്യം എല്ലാ തീര്ത്ഥാടകര്ക്കും സൗജന്യമായി ലഭ്യമാണ്.
കേരള പോലീസിന്റെ കണക്കനുസരിച്ചു കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ശബരിമല തീര്ത്ഥാടകരില് കുട്ടികളുടെ എണ്ണം ഗണ്യമായി വര്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം മൊത്തം തീര്ത്ഥാടകരില് ഏകദേശം 10-15 ശതമാനം കുട്ടികളായിരുന്നു. അതോടൊപ്പം ഓരോ സീസണിലും നൂറുകണക്കിന് കുട്ടികള് കാണാതാകുന്ന കേസുകളാണ് കേരള പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സമയത്തു കുട്ടികളുടെ സുരക്ഷ ഒരു പ്രധാന വെല്ലുവിളിയാക്കി മാറ്റുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില് വി കേരള ബിസിനസ് ഹെഡ് ജോര്ജ് മാത്യു വി.യുടെ സാന്നിധ്യത്തില് ജില്ലാ പോലീസ് മേധാവി ആനന്ദ് ആര് (ഐ.പി.എസ്) 'വി സുരക്ഷാ' പദ്ധതിയുടെ മുന്കൂര് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 25 വി സ്റ്റോറുകളിലും 103 വി മിനി സ്റ്റോറുകളിലും ഈ സൗകര്യം ലഭിക്കും. കൂടാതെ പമ്പയില് വെര്ച്വല് ക്യൂ കിയോസ്കുകള്ക്കു സമീപമായി 3 വി സുരക്ഷ കിയോസ്കുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം വി 20,000-ത്തിലധികം 'വി സുരക്ഷാ റിസ്റ്റ് ബാന്ഡുകള്' വിതരണം ചെയ്തിരുന്നു.
കൂടാതെ ഗണപതി കോവില്, നടപ്പന്തല്, അഡ്മിനിസ്ട്രേഷന് ഓഫീസുകള്, പമ്പ- സന്നിധാനം നടപ്പാത, നിലയ്ക്കല് പാര്ക്കിംഗ്, ബസ് സ്റ്റാന്ഡ് എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അയ്യപ്പഭക്തര്ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും, വിവരങ്ങള് അറിയാനും അവരുടെ ആത്മീയ അനുഭവങ്ങള് തടസ്സമില്ലാതെ പങ്കുവെക്കാനും സാധിക്കും.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ്വര്ക്ക് കൂടുതല് ശക്തിപ്പെടുത്തി. എല്900, എല്1800, എല്2100, എല്2300, എല്2500 എന്നീ സ്പെക്ട്രം ബാന്ഡുകളിലായി ആകെ 70 മെഗാഹെര്ട്സ് സ്പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയില് 13 പുതിയ സൈറ്റുകള് കൂടി സ്ഥാപിക്കുകയും ചെയ്തു.
Content Highlights: Vi (Vodafone Idea) partners with Kerala Police for the 'Vi Suraksha' project, providing QR-coded wristbands for child safety during the Sabarimala pilgrimage.
Published: 19 Nov 2025, 10:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented