ഗുജറാത്തിലെ ജാംനഗറിൽ ഡാറ്റാ സെന്റർ നിർമിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്ഫോംസും കൈകോർക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തിൽ 168 MW ശേഷിയുള്ള ഡേറ്റാ സെന്റർ രണ്ട് വർഷത്തിനുള്ളിൽ വികസിപ്പിക്കും. ഭാവിയിൽ കൂടുതൽ വിപുലീകരണത്തിനുള്ള സാധ്യത മുന്നിൽക്കണ്ടാകും നിർമാണം.

To advertise here,

മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ 'ബിൽറ്റ്-ടു-സ്യൂട്ട്' ഡാറ്റാ സെന്ററാണിത്. ആഗോളതലത്തിൽ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റർ പാട്ടത്തിനെടുക്കും. അവരുടെ ആഗോള ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിന്റെ ഭാഗമായാവും ഇത്. മെറ്റയുടെ പ്രധാന ബിസിനസുകൾക്കും എഐ കമ്പ്യൂട്ടിങ് ആവശ്യങ്ങൾക്കും അത് പിന്തുണ നൽകും.

കരാർ പ്രകാരം ഡാറ്റാ സെന്ററിന്റെ രൂപകൽപ്പനയും നിർമ്മാണവും മുതൽ പ്രവർത്തനം, പുനരുപയോഗ ഊർജ്ജ വിതരണം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി എന്നിവയുടെ മുതൽ നടത്തിപ്പ് വരെയുള്ള മുഴുവൻ സേവനങ്ങളും റിലയൻസ് നൽകും. ഇതോടെ ഇന്ത്യയിൽ ഹൈപ്പർസ്‌കെയിൽ എഐ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന സിംഗിൾ-വിൻഡോ സൊല്യൂഷൻസ് പ്രൊവൈഡർ എന്ന നിലയിൽ റിലയൻസിന്റെ സാന്നിധ്യം ഈ രംഗത്ത് ശക്തമാകും.

ഗുജറാത്തിന്റെ തന്ത്രപരമായ സ്ഥാനം വമ്പൻ ഡാറ്റാ സെന്റർ നിർമാണത്തിന് അനുയോജ്യമാണെന്ന് റിലയൻസ് പറയുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജം, വെള്ളത്തിന്റെ ലഭ്യത, സമുദ്രത്തിനടിയിലെ കേബിൾ ലാൻഡിങ് സ്റ്റേഷനുകളുടെ സാമീപ്യം, ജിയോയുടെ വിപുലമായ ഫൈബർ നെറ്റ്‌വർക്ക് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഡാറ്റാ സെന്ററിന് പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുകയും ശുദ്ധീകരിച്ച കടൽജലം ഉപയോഗിച്ച് ശീതീകരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലേക്ക് ആഗോള എഐ അടിസ്ഥാന സൗകര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഭാരത സർക്കാർ നയങ്ങളുമായി യോജിക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു. ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ എഐ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിന് റിലയൻസുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗും പ്രതികരിച്ചു.