ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുവേണ്ടി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം ഉപഗ്രഹങ്ങൾവരെ ഭ്രമണപഥത്തിലെത്തിക്കാനുള്ള പദ്ധതിക്ക് ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് അനുമതി. ബുധനാഴ്ചയാണ് സ്‌പേസ് എക്‌സിന്റെ 'സ്റ്റാർമൈൻഡ്' (Starmind) ഉപഗ്രഹ ശൃംഖലയ്ക്ക് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ അനുമതി നൽകിയത്. ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന കംപ്യൂട്ടിങ് മൊഡ്യൂളുകൾക്ക് വലിയ അളവിൽ ഡാറ്റ പ്രോസസ് ചെയ്യാൻ കഴിയും.

To advertise here,

അനുമതി പ്രകാരം 2033 നവംബറിനകം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങണം. 2035 നവംബറിനകം നിർദിഷ്ട ശൃംഖലയുടെ പത്ത് ശതമാനമായ കുറഞ്ഞത് ഒരു ലക്ഷം ഉപഗ്രഹങ്ങളെങ്കിലും ഭ്രമണപഥത്തിലെത്തിക്കണം. 2038 നവംബറോടെ ആകെ ഉപഗ്രഹങ്ങളുടെ 50 ശതമാനവും വിന്യസിക്കേണ്ടതുണ്ട്.

ബഹിരാകാശത്തും നിർമിതബുദ്ധി മേഖലയിലും അമേരിക്കയുടെ നേതൃത്വം ശക്തിപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകൾക്ക് തുടക്കമിടാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് എഫ്‌സിസി വ്യക്തമാക്കി.

എന്തിനാണ് ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനത്തിന് ശക്തിയേറിയ ഡാറ്റാ സെന്ററുകൾ അത്യാവശ്യമാണ്. എന്നാൽ ഇവ പ്രവർത്തിപ്പിക്കാനും തണുപ്പിക്കാനും വൻതോതിൽ വൈദ്യുതി ആവശ്യമാണ്. ഇതുമൂലമുള്ള പ്രവർത്തനച്ചെലവും പരിസ്ഥിതി ആഘാതവും കുറയ്ക്കുകയാണ് ബഹിരാകാശത്തെ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. ഈ ഡാറ്റാ സെന്റർ ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കാൻ സൗരോർജം നേരിട്ട് ഉപയോഗിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ബഹിരാകാശത്ത് തുടർച്ചയായി സൗരോർജം ലഭിക്കുമെന്നത് ഒരു നേട്ടമാണ്. ഡാറ്റാ സെന്ററുകളുടെ പ്രവർത്തന, പരിപാലന ചെലവുകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് സ്പേസ് എക്സ് അവകാശപ്പെടുന്നു.

അതേസമയം, അനുമതി നൽകിയിരിക്കുന്ന പത്തുലക്ഷം ഉപഗ്രഹങ്ങളും സ്‌പേസ് എക്‌സ് വിക്ഷേപിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ലോകത്താകെ ഏകദേശം 17,000 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലുള്ളത്. ഇതിൽ 11000 ൽ ഏറെ ഉപഗ്രഹങ്ങൾ സ്പേസ് എക്സിന്റെ തന്നെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ്. ഇതിന്റെ പലമടങ്ങ് ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ശൃംഖലയാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.