To advertise here,

മൊബൈല്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം, തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ ഫ്‌ലാഗ്ഷിപ്പ് മൊബൈല്‍ ചിപ്പ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റ് 2025-ല്‍ വെച്ചാണ് പുതിയ ചിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റിന്റെ പിന്‍ഗാമിയായി എത്തുന്ന ഈ ചിപ്പ്‌സെറ്റ്, പ്രകടനത്തിലും പുതിയ ഫീച്ചറുകളിലും കാര്യമായ അപ്‌ഗ്രേഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ സിസ്റ്റം-ഓണ്‍-എ-ചിപ്പ് (SoC) എന്നാണ് ക്വാല്‍കോം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടിഎസ്എംസിയുടെ 3nm പ്രോസസ്സിലാണ് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 നിര്‍മിച്ചിരിക്കുന്നത്. മൂന്നാം തലമുറ ഓറിയോണ്‍ സിപിയു (Oryon CPU) ഉപയോഗിക്കുന്ന ഈ ചിപ്പ്‌സെറ്റിന് മുന്‍ഗാമിയേക്കാള്‍ 20% അധികം സിപിയു പ്രകടനവും 35% മെച്ചപ്പെട്ട ഊര്‍ജ്ജക്ഷമതയുമുണ്ട്. ഇതില്‍ 4.6GHz വേഗതയുള്ള രണ്ട് പ്രൈം കോറുകളും 3.62GHz വേഗതയുള്ള ആറ് പെര്‍ഫോമന്‍സ് കോറുകളും ഉള്‍പ്പെടെ ഒക്ടാ-കോര്‍ ആര്‍ക്കിടെക്ചറാണുള്ളത്. ഗീക്ക്‌ബെഞ്ചിലെ സിംഗിള്‍-കോര്‍ പ്രകടനത്തില്‍, ആപ്പിളിന്റെ ഏറ്റവും പുതിയ A19 പ്രോ ചിപ്പിനൊപ്പമെത്താന്‍ ഇതിന് കഴിഞ്ഞു, ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഭവിക്കാത്ത ഒരു കാര്യമാണ്. മീഡിയാടെക് ഡൈമെന്‍സിറ്റി 9500, സാംസങ് എക്‌സിനോസ് 2600 തുടങ്ങിയ എതിരാളികളെയും ഇത് മറികടന്നു.

ഗ്രാഫിക്‌സ്, ഗെയിമിംഗ് രംഗത്തും പുതിയ ചിപ്പ്‌സെറ്റ് മികവ് പുലര്‍ത്തുന്നു. പുതിയ അഡ്രിനോ ജിപിയു (Adreno GPU) 23% അധികം പ്രകടനവും 20% മെച്ചപ്പെട്ട ഊര്‍ജക്ഷമതയും നല്‍കുന്നു. റേ-ട്രേസിംഗ് പ്രകടനത്തില്‍ 25% വര്‍ധനവുണ്ടായിട്ടുണ്ട്. കണ്‍സോള്‍ നിലവാരത്തിലുള്ള വിഷ്വലുകള്‍ നല്‍കുന്ന അണ്‍റിയല്‍ എഞ്ചിന്‍ 5 പിന്തുണയും ഇതിലുണ്ട്. ഇമേജിംഗിനായി, സ്‌പെക്ട്ര എഐ ഐഎസ്പി (Spectra AI ISP) ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, ആപ്പിളിന്റെ പ്രോറെസ് (ProRes) കോഡെക്കിന് സാംസങ്ങിന്റെ മറുപടിയായ അഡ്വാന്‍സ്ഡ് പ്രൊഫഷണല്‍ വീഡിയോ കോഡെക് പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ മൊബൈല്‍ പ്ലാറ്റ്ഫോം കൂടിയാണിത്.

ഇതിലെ പുതിയ ഹെക്‌സഗണ്‍ എന്‍പിയു (Hexagon NPU) മുന്‍ഗാമിയേക്കാള്‍ 37% വേഗതയേറിയതാണെന്ന് ക്വാല്‍കോം അവകാശപ്പെടുന്നു. കൂടാതെ, ഉപയോക്താക്കളുടെ ദിനചര്യകളും മുന്‍ഗണനകളും സംഭാഷണങ്ങളും അടിസ്ഥാനമാക്കി ശുപാര്‍ശകള്‍ നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 'ക്വാല്‍കോം പേഴ്‌സണല്‍ സ്‌ക്രൈബ്', 'പേഴ്‌സണല്‍ ഗ്രാഫ്' തുടങ്ങിയ പുതിയ എഐ (AI) ഫീച്ചറുകളും അവതരിപ്പിച്ചു. സാംസങ് ഗാലക്സി എസ്26 സീരീസ്, വണ്‍പ്ലസ് 15, ഷവോമി 17 സീരീസ്, റിയല്‍മി ജിടി8 പ്രോ, വിവോ എക്‌സ്300 അള്‍ട്ര, ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്‌സെറ്റ് കരുത്തുപകരും.