ലോകത്തെ ഏറ്റവും ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഏറ്റെടുക്കാന്‍ വമ്പന്‍ ഓഫറുമായി എഐ സ്റ്റാര്‍ട്ടപ്പ് രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നായ പെര്‍പ്ലെക്സിറ്റി. ഇന്ത്യന്‍ വംശജനായ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഈ എഐ കമ്പനി, ക്രോം ബ്രൗസറിനായി 3450 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് സാങ്കേതിക ലോകത്ത് വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 

To advertise here,

വെബ് സെര്‍ച്ച് രംഗത്ത് എഐ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെര്‍പ്ലെക്സിറ്റി, അതിവേഗം വളര്‍ച്ച പ്രാപിച്ച സ്റ്റാര്‍ട്ടപ്പാണ്. 'കോമറ്റ്' എന്ന എഐ അധിഷ്ഠിത സെര്‍ച്ച് എഞ്ചിനും ബ്രൗസറും ഇതിനോടകം അവതരിപ്പിച്ച കമ്പനി, ഗൂഗിളിന്റെ കുത്തകയ്‌ക്കെതിരെ യുഎസ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. 

യുഎസ് നീതിന്യായ വകുപ്പ്, വെബ് സെര്‍ച്ച് രംഗത്തെ ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കാനുള്ള നടപടികളുടെ ഭാഗമായി, ഗൂഗിളിന്റെ സേവനങ്ങള്‍ വിഭജിക്കണമെന്നും ക്രോം ബ്രൗസര്‍ വില്‍ക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെര്‍പ്ലെക്സിറ്റി, ക്രോം ബ്രൗസര്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. പെര്‍പ്ലെക്‌സിറ്റിയുടെ നിലവിലെ വിപണി മൂല്യം 1,800 കോടി ഡോളര്‍ മാത്രമാണെങ്കിലും, ക്രോമിനായി അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുക അതിന്റെ ഇരട്ടിയിലേറെയാണെന്നതാണ് ശ്രദ്ധേയം.

ക്രോം ബ്രൗസര്‍ ഏറ്റെടുക്കുന്നതിലൂടെ, ലോകത്തെ ഏറ്റവും വലിയ ബ്രൗസര്‍ ഉപഭോക്തൃ വിപണിയിലേക്ക് പെര്‍പ്ലെക്സിറ്റിയ്ക്ക് പ്രവേശനം ലഭിക്കും. ഇത് അവരുടെ എഐ അധിഷ്ഠിത സെര്‍ച്ച് എഞ്ചിന്റെ വളര്‍ച്ചയ്ക്ക് വന്‍ കുതിച്ചുചാട്ടമാകും. എന്നാല്‍, ബ്രൗസര്‍ ഏറ്റെടുത്താലും, നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ (ഉദാഹരണത്തിന്, ഗൂഗിള്‍) മാറ്റമില്ലാതെ തുടരുമെന്ന് പെര്‍പ്ലെക്സിറ്റി ഉറപ്പ് നല്‍കുന്നു. അതായത്, അവരുടെ സ്വന്തം എഐ സെര്‍ച്ച് എഞ്ചിനിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിതമായി മാറ്റില്ല. 

ക്രോം ബ്രൗസറിന്റെ ഓപ്പണ്‍സോഴ്സ് കോര്‍ എഞ്ചിനായ ക്രോമിയം മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പെര്‍പ്ലെക്സിറ്റി വ്യക്തമാക്കി. കൂടാതെ, ബ്രൗസറിന്റെ വികസനത്തിനായി 300 കോടി ഡോളര്‍ തുടര്‍ച്ചയായി നിക്ഷേപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. 

ആമസോണിന്റെ നിക്ഷേപ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പെര്‍പ്ലെക്സിറ്റി അടുത്തിടെ 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. എഐ സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റം നടത്തിയ ഈ കമ്പനി, ഗൂഗിളിന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. 

എന്നാല്‍, ഗൂഗിള്‍ ഇതുവരെ ക്രോം ബ്രൗസര്‍ വില്‍പനയ്ക്ക് വെച്ചിട്ടില്ല. യുഎസ് നീതിന്യായ വകുപ്പിന്റെ നിയമനടപടികള്‍ക്കിടയില്‍, പെര്‍പ്ലെക്സിറ്റിയുടെ ഈ ഓഫര്‍ സാങ്കേതിക ലോകത്ത് വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.