നിര്‍മിതബുദ്ധിയുടെ രംഗത്തെ മുന്നേറ്റത്തെപ്പോലും ബാധിക്കാനിടയുള്ള ഗുരുതര സാഹചര്യം നേരിട്ട് ടെക് ഭീമനായ ഗൂഗിള്‍. പരസ്യ മേഖലയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാന്‍പോലും സാധ്യതയുള്ള കേസ് യുഎസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. പ്രധാന ബിസിനസ് യൂണിറ്റുകള്‍ വില്‍ക്കാന്‍ ടെക് കമ്പനിയോട് നിര്‍ദേശിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് നിലവില്‍ ഒരു ഫെഡറല്‍ ജഡ്ജി പരിഗണിക്കുന്നത്.

To advertise here,

നിയമ നടപടികള്‍ ആധുനിക ഇന്റര്‍നെറ്റ് യുഗത്തിലെ ഒരു ബിഗ് ടെക് കമ്പനിയുടെ ആദ്യത്തെ പ്രധാന വിഭജനത്തിനുതന്നെ വഴിതെളിച്ചേക്കാം. കൂടാതെ കമ്പനിയുടെ 3.64 ട്രില്യണ്‍ (3,64,000 കോടി) ഡോളര്‍ ബിസിനസിന്റെ നെടുംതൂണിനുതന്നെ ഭീഷണി ഉയര്‍ത്തുകയും ചെയ്യും.

യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വെര്‍ജീനിയയിലെ ജഡ്ജി ലിയോണി ബ്രിങ്കെമയാണ് കേസ് പരിഗണിക്കുന്നത്. ഗൂഗിളിന്റെ പരസ്യ സാങ്കേതികവിദ്യാ കുത്തക സംബന്ധിച്ച് വെള്ളിയാഴ്ച ജഡ്ജി മൂന്ന് മണിക്കൂര്‍ നീണ്ട അന്തിമവാദം കേട്ടിരുന്നു. കമ്പനിയുടെ AdX എക്‌സ്‌ചേഞ്ച് നിര്‍ബന്ധിതമായി വില്‍ക്കണമെന്നും മറ്റ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യു.എസ് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടു.

ഇതിലെ അപകടസാധ്യതകള്‍ വളരെ വലുതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഓരോ സെക്കന്‍ഡിലും 82 ലക്ഷം പരസ്യ സ്‌പേസ് സംബന്ധിച്ച അഭ്യര്‍ഥനകളാണ് ഗൂഗിള്‍ കൈകാര്യം ചെയ്യുന്നത്. പ്രസാധകരില്‍ നിന്ന് 20 ശതമാനം ഫീസും ഈടാക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് സെര്‍ച്ച്, വീഡിയോ, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളിലെ ഗൂഗിളിന്റെ ആധിപത്യം നിലനിര്‍ത്തുന്നതിനുള്ള പണം കണ്ടെത്തുന്നതില്‍ നിര്‍ണായകമാണ്.

കേസ് വര്‍ഷങ്ങളോളം നീണ്ടുപോയേക്കാം എന്നതിനാല്‍ ദൈര്‍ഘ്യമേറിയ വിഭജന പ്രക്രിയയേക്കാള്‍ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയുന്ന നടപടികളാണോ കൂടുതല്‍ പ്രായോഗികമെന്ന് വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി ചോദിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ പരസ്യ ബിസിനസില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്നാണ് നീതിന്യായ വകുപ്പ് ആവശ്യപ്പെടുന്നത്. സാങ്കേതികവിദ്യയില്‍ മാറ്റംവരുത്തണമെന്നും എതിരാളികളുമായി ഡാറ്റ പങ്കുവെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഗൂഗിളിന്റെ നിയമവിരുദ്ധമ കുത്തക വേരോടെ പിഴുതെറിയേണ്ടതുണ്ടെന്ന് നീതിന്യായ വകുപ്പ് അറ്റോര്‍ണി ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിഭജനം കടുത്ത നടപടിയാണെന്നും സാങ്കേതികമായി ബുദ്ധിമുട്ടുള്ളതാണെന്നും അത് ഉപഭോക്താക്കളെയും ബാധിക്കുമെന്നും ഗൂഗിളിന്റെ മുഖ്യ അഭിഭാഷക കാരെന്‍ ഡണ്‍ എതിര്‍വാദം ഉന്നയിച്ചു. ഈ കേസ് ഗൂഗിളിന്റെ ബിസിനസിലെ ഒരു നിര്‍ണായക ഭാഗത്തെ ബാധിച്ചേക്കാം. എന്നാല്‍ അടുത്തിടെ ഒരു സെര്‍ച്ച് കുത്തക കേസില്‍ ഗൂഗിള്‍ സമാനമായ നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു.