എഐ പ്ലാറ്റ്ഫോമായ Hugging Face-നെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന ഹാക്കിങ് ശ്രമത്തിന് പിന്നിൽ തങ്ങളുടെ എഐ മോഡലുകളാണെന്ന് തുറന്ന് സമ്മതിച്ച് ഓപ്പൺഎഐ. ആഭ്യന്തര പരിശോധനയ്ക്കിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സാം ഓൾട്ട്മാന്റെ കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

To advertise here,

മുമ്പെങ്ങും കണ്ടിട്ടില്ലത്ത തരത്തിലുള്ള സുരക്ഷാ ഭീഷണി നേരിടേണ്ടിവന്നുവെന്നും എന്നാൽ കൃത്യ സമയത്തുതന്നെ അത് കണ്ടെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്ന് Hugging Face കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് ഓപ്പൺഎഐയുടെ കുറ്റസമ്മതം.

Hugging Face-ന്റെ സുരക്ഷാ സംവിധാനങ്ങളെ എഐ ഏജന്റുകൾ മറികടന്നുവെന്ന് ഓപ്പൺഎഐ പറയുന്നു. കൂടുതൽ സൈബർ സുരക്ഷാ കഴിവുകളുള്ള എഐ മോഡലുകൾ വ്യാപിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. GPT5.6 Sol ഉൾപ്പെടെയുള്ള OpenAI മോഡലുകൾ, വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്ത ഒരു പ്രീ-റിലീസ് മോഡൽ എന്നിവയാണ് സൈബർ ആക്രമണ ശ്രമങ്ങൾക്ക് പിന്നിലെന്നും കമ്പനി പറയുന്നു.

എഐ മോഡലുകൾ സുരക്ഷാ പഴുതുകൾ കണ്ടെത്തി അവ പ്രയോജനപ്പെടുത്തി. Hugging Face-ന്റെ സംവിധാനങ്ങളിൽ നിന്ന് അവ ഡേറ്റ വീണ്ടെടുക്കാൻ ശ്രമിച്ചു. കമ്പനി ഇതിനെ മുൻപ് കേട്ടിട്ടില്ലാത്ത വിധത്തിലുള്ള സൈബർ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയെന്നും കമ്പനി അറിയിച്ചിരുന്നു.

Hugging Face-നോടൊപ്പം തങ്ങളും വിശദമായ അന്വേഷണം നടത്തും എന്നാണ് ഇപ്പോൾ ഓപ്പൺഎഐ പറയുന്നത്. അന്വേഷണം പൂർത്തിയാകുന്നതോടെ ഹാക്കിങ് ശ്രമത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

OpenAI-യുടെ സുരക്ഷാ ടീമാണ് ഈ അസാധാരണ സംഭവത്തിന് പിന്നിൽ എഐ മോഡലുകളാണെന്ന് സ്ഥിരീകരിച്ചത്. Hugging Face-ന്റെ സുരക്ഷാ ടീം ഹാക്കിങ് ശ്രമം നേരത്തെതന്നെ കണ്ടെത്തി തടഞ്ഞിരുന്നു. ഓപ്പൺഎഐ ടീം അവരെ ബന്ധപ്പെടുന്നതിന് മുമ്പുതന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അവർക്ക് കഴിഞ്ഞുവെന്നും കമ്പനി പറയുന്നു.