
വാഷിങ്ടൺ: എൻവിഡിയ (Nvidia) വിവാദവുമായി ബന്ധപ്പെട്ട് സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പനിയായ മെഗാസ്പീഡിനെ (Megaspeed) യുഎസ് വാണിജ്യവകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തി. ചൈനയിലേക്ക് എഐ ചിപ്പുകൾ വഴിതിരിച്ചുവിട്ടെന്ന സംശയത്തിൽ 2024 മുതൽ യുഎസിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് മെഗാസ്പീഡ്. ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും വിമർശനം ഉയർന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച നടപടി പ്രഖ്യാപിച്ചത്.
ഇതോടെ മെഗാസ്പീഡിന് യുഎസിൽനിന്ന് ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്യാൻ വാണിജ്യവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമായി വരും. ഈ അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. അതേസമയം, ഈ നടപടി വൈകിയതിൽ വിമർശനം ഉയരുന്നുണ്ട്.
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങും മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവ് ആലിസ് ഹുവാങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് കമ്പനി രണ്ടാഴ്ച മുൻപ് ശ്രദ്ധാകേന്ദ്രമായത്. ചൈനീസ് ചാരവനിതയാണെന്ന് യുഎസ് അധികൃതർ സംശയിക്കുന്ന വ്യക്തിയാണ് ആലിസ് ഹുവാങ്. എന്നാൽ, ചാരവൃത്തി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചിരുന്നു.
എൻവിഡിയയും മെഗാസ്പീഡും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോഴും സംശയങ്ങൾ ഉയരുന്നുണ്ട്. അതിനിടെ വ്യാപാര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദേശീയ സുരക്ഷാ ഭീഷണികൾ വിലയിരുത്താനുമായി പുതിയ കയറ്റുമതി നിയന്ത്രണ സമിതിക്ക് എൻവിഡിയ രൂപം നൽകിയിട്ടുണ്ട്.
വിഷയത്തിൽ മെഗാസ്പീഡ് പ്രതികരിച്ചിട്ടില്ല. നിയമാനുസൃതമായ ബിസിനസാണ് നടത്തുന്നതെന്നും യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഒരാഴ്ച മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കിയിരുന്നു. ആലിസ് ഹുവാങ് 2025 ഓഗസ്റ്റിൽ ഔദ്യോഗികമായി കമ്പനി വിട്ടതായും പ്രസ്താവനയിൽ പറഞ്ഞു. മെഗാസ്പീഡിനെതിരേ ക്രിമിനൽ കുറ്റങ്ങൾ തെളിഞ്ഞാൽ പരമാവധി ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് യുഎസ് നീതിന്യായവകുപ്പിന്റെയും വാണിജ്യവകുപ്പിന്റെയും നിലപാട്.
സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന് പുറമേ കമ്പനിയുമായി ബന്ധമുള്ള സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറു കമ്പനികളെക്കൂടി തിങ്കളാഴ്ച എന്റിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മെഗാസ്പീഡിനെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് ചൊവ്വാഴ്ച വ്യക്തമാക്കി. 2025-ൽ യുഎസിലെയും സിംഗപ്പൂരിലെയും അന്വേഷണ ഉദ്യോഗസ്ഥർ കമ്പനിയുടെ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ആലിസ് ഹുവാങിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: The US Commerce Department has added Singapore-based cloud company Megaspeed and six affiliated firms across Singapore, Malaysia, and Thailand to its trade blacklist over suspicions of diverting Nvidia AI chips to China. The move follows ongoing investigations since 2024 and scrutiny surrounding former Megaspeed executive Alice Huang, while Singapore Prime Minister Lawrence Wong confirmed that local authorities will continue investigating the company.
Published: 24 Nov 2026, 10:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented