പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിച്ച് പാകിസ്താനും. ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് പുറപ്പെട്ട ചൈനീസ് പേടകത്തിൽ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്രതിരിച്ചു. പാകിസ്താന് ചരിത്ര നിമിഷവും ചൈനയുടെ ബഹിരാകാശ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലുമാണ് ഈ ദൗത്യം എന്ന് വിലയിരുത്തപ്പെടുന്നു.

To advertise here,

ഗോബി മരുഭൂമിയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റ് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:48-നാണ് വിക്ഷേപിച്ചത്. പാക് വ്യോമസേനാംഗവും ബഹിരാകാശ സഞ്ചാരിയുമായ മുഹമ്മദ് സീഷൻ അലിയും ചൈനയുടെ ടാങ് ഹോങ്‌ബോ, വുയി എന്നിവരുമാണ് ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ഷെൻസൗ പേടകം ആസൂത്രിത ഭ്രമണപഥത്തിൽ സുരക്ഷിതമായി പ്രവേശിച്ചതായി ചൈനീസ് വൃത്തങ്ങൾ പറയുന്നു. ദൗത്യം പൂർണ്ണ വിജയമാണെന്നും അവർ പ്രഖ്യാപിച്ചു.

ഇന്ത്യ നേട്ടം കൈവരിച്ചത് 1984-ൽ

പാകിസ്താനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങളുടെ തയ്യാറെടുപ്പുകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് ഈ ദൗത്യം യാഥാർഥ്യമാകുന്നത്. 1984-ൽതന്നെ ഈ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.

സോവിയറ്റ് സോയൂസ് ടി-11 ദൗത്യത്തിൽ വിങ് കമാൻഡർ രാകേഷ് ശർമ്മ 1984 ഏപ്രിലിൽ പറന്നതോടെ സ്വന്തം പൗരനെ ബഹിരാകാശത്തേക്ക് അയച്ച ആദ്യ ദക്ഷിണേഷ്യൻ രാജ്യമായി ഇന്ത്യ മാറിയിരുന്നു. പതിറ്റാണ്ടുകൾ വൈകിയാണെങ്കിലും നേട്ടം കൈവരിക്കേണ്ടത് പാകിസ്താന് അനിവാര്യമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. സല്യൂട്ട് 7 ബഹിരാകാശ നിലയത്തിൽ ശർമ്മ ചെലവഴിച്ച എട്ട് ദിവസങ്ങൾ ഇന്ത്യൻ ശാസ്ത്ര ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാക് ബഹിരാകാശ സഞ്ചാരി ബഹിരാകാശ ദൗത്യത്തിന് പുറപ്പെട്ടിട്ടുള്ളത്.

പാകിസ്താന് ചരിത്ര നിമിഷം

ബഹിരാകാശത്തേക്ക് സ്വന്തം പൗരനെ അയച്ച ലോകത്തിലെതന്നെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇതോടെ പാകിസ്താനും മാറി. ഒരു പാക് സഞ്ചാരി ബഹിരാകാശ നിലയത്തിൽ താമസിക്കാനും ജോലി ചെയ്യാനുമായി പോകുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

2023-ൽ പാക് സംരംഭക നമിര സലിം വെർജിൻ ഗാലക്റ്റിക്കിന്റെ സബ്ഓർബിറ്റൽ ടൂറിസം ഫ്‌ളൈറ്റിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാക് വനിതയായി ഇതോടെ അവർ മാറിയിരുന്നു. എന്നാൽ ആ യാത്ര ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടുനിന്നത്.

എന്നാൽ ഇന്ന് വിക്ഷേപിച്ച ദൗത്യം അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമാണ്. മുഹമ്മദ് സീഷൻ അലി ഒരു ബഹിരാകാശ വിനോദസഞ്ചാരിയല്ല. ഭൂമിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെ ബഹിരാകാശ നിലയത്തിലേക്കാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. അവിടെ അദ്ദേഹം മൈക്രോ ഗ്രാവിറ്റിയിലെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസ ഔട്ട്‌റീച്ച് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഒരാഴ്ചയോളം ചെലവഴിക്കും.