നിർമിതബുദ്ധി (എഐ) രംഗത്തെ മുന്നേറ്റം ഉയർത്തുന്ന ആശങ്ക അവസാനിക്കുന്നില്ല. ഓപ്പൺഎഐയുടെ എഐ ഏജന്റ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഹെൽത്ത് ഡാറ്റാ പോർട്ടലിൽ അനധികൃതമായി കടന്നുകയറിയെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി ആന്തണി അൽബനീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ സ്വഭാവമില്ലാത്ത ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും പൊതു മെഡിക്കൽ ചെലവ് ഡാറ്റയും അടങ്ങിയ പോർട്ടലിലാണ് സുരക്ഷാ ലംഘനം ഉണ്ടായത്. ഒരു സർക്കാർ വെബ്സൈറ്റിൽ അനുമതിയില്ലാതെ എഐ ഏജന്റ് സ്വതന്ത്രമായി പ്രവേശിച്ചതായി വെളിപ്പെടുത്തപ്പെടുന്ന ആദ്യത്തെ സംഭവമാണിത്.

To advertise here,

സംഭവത്തിന്റെ വ്യാപ്തിയെക്കുറിച്ച് അന്വേഷണം

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നെറ്റ്‌വർക്കുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഈ സംഭവം ഒരു കാരണവശാലം അംഗീകരിക്കാൻ കഴിയാത്തതാണ്. ഓപ്പൺഎഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ഓൾട്ട്മാനെ നേരിട്ട് കണ്ട് ഓസ്ട്രേലിയ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ അധികാരികളെ അറിയിക്കാൻ വൈകിയതിന് കമ്പനിയെ കടുത്ത ഭാഷയിൽ വിമർശിച്ചതായും അൽബനീസ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നതെന്നാണ് വെളിപ്പെടുത്തൽ. രണ്ട് മാസത്തിലേറെ കഴിഞ്ഞ് സെപ്റ്റംബർ 10-നാണ് സർക്കാർ വൃത്തങ്ങൾ വിവരമറിഞ്ഞത്. സുരക്ഷാവീഴ്ച നേരത്തെതന്നെ കണ്ടെത്താൻ കഴിയാതെ പോയതിന് പിന്നിൽ സർക്കാർ സൈബർ സുരക്ഷാ സംവിധാനങ്ങളിലെ പിഴവുകളും കാരണമായിട്ടുണ്ടോയെ എന്നകാര്യമടക്കം അന്വേഷണത്തിന്റെ പരിധിയിൽവരും. യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ന്യൂയോർക്കിൽവെച്ചാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.

മൂന്ന് സർക്കാർ വെബ് സൈറ്റുകൾ പരിശോധിക്കുന്നു

എഐ ഏജന്റ് മറ്റ് സർക്കാർ പ്ലാറ്റ്ഫോമുകളിലേക്കും കടന്നു കയറിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റ് മൂന്ന് സർക്കാർ വെബ്സൈറ്റുകളെയും ഈ സംഭവം ബാധിച്ചിട്ടുണ്ടാകാം എന്ന് അൽബനീസ് പറഞ്ഞു. സുപ്രധാന വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

രോഗികളുടെ രേഖകളൊന്നും ചോർന്നിട്ടില്ലെന്ന് വിശദീകരണം

രോഗികളുടെ രേഖകളോ സുപ്രധാന വ്യക്തിവിവരങ്ങളോ ചോർന്നതായി സൂചനകളൊന്നുമില്ലെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു. മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതിവിവരക്കണക്കുകളിലേക്കാണ് എഐ ഏജന്റ് കടന്നുകയറിയത്.

സുരക്ഷാ ഭീഷണി ആദ്യമായല്ല

എഐ ടൂളുകൾ അപ്രതീക്ഷിതമായി വെബ്സൈറ്റുകളിലേക്കും ഓൺലൈൻ സേവനങ്ങളിലേക്കും കടന്നുകയറുന്ന നിരവധി സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്. എങ്കിലും ഈ സംഭവം എഐ സംവിധാനങ്ങൾ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായിൽ ഓപ്പൺ സോഴ്‌സ് എഐ പ്ലാറ്റ്ഫോമായ ഹഗ്ഗിങ് ഫേസിലേക്ക് എഐ ഏജന്റുകൾ നടത്തിയ നുഴഞ്ഞുകയറ്റം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആന്ത്രോപിക്, ഗൂഗിൾ, മെറ്റ തുടങ്ങിയ മറ്റ് പ്രമുഖ എഐ ഡെവലപ്പർമാരും തങ്ങളുടെ എഐ സിസ്റ്റങ്ങൾ അപ്രതീക്ഷിതമായി വിവിധ പ്ലാറ്റ്ഫോമുകളളിലേക്ക് കടന്നു കയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃത്യമായ നിയന്ത്രണം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ എഐ ഏജന്റുകൾ സൈബർ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാമെന്ന് ഓൾട്ട്മാൻ ഉൾപ്പെടെയുള്ളവ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർന്നേക്കാം എന്ന ആശങ്ക കണക്കിലെടുത്ത് എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ചർച്ചകൾ വലിയ ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ സർക്കാർ വെബ്‌സൈറ്റിലേക്കുതന്നെ എഐ ഏജന്റുകൾ നുഴഞ്ഞു കയറിയെന്ന വെളിപ്പെടുത്തൽ.