കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് വ്യാജ വാര്‍ത്തകള്‍. കോവിഡ് രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും ഒട്ടും വസ്തുതാപരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പ്രചാരണങ്ങളാണ് ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞ ലോകാരോഗ്യ സംഘടന തന്നെ ഇത്തരം പ്രചാരണങ്ങളില്‍ ഔദ്യൗഗിക വിശദീകരണം നല്‍കിക്കൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്കുശേഷം കോവിഡ് ഭീതി ആളുകളില്‍ വീണ്ടും ഉയരുകയാണ്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ എന്ന വകഭേദം കൂടുതല്‍ അപകടകരിയാണെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും കോറോണയെ കുറിച്ചുള്ള ഭയം ജനങ്ങളിലുണ്ടായിരിക്കുന്നത്. അതേസമയം ഈ ഒമിക്രോണ്‍ മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ അപകടകാരിയാണോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിശദീകരണം. 

അതിനിടെയാണ് ഒരു വ്യാജ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.പി വേണുഗോപാലിന്റെ പേരിലായിരുന്നു ആ സന്ദേശം. എന്നാല്‍ ഇത് തന്റെ വാക്കുകളല്ലെന്നും ഈ സന്ദേശവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഇതിന് മുമ്പും ഡോ. വേണുഗോപാലിന്റെ പേരില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഒരു ഡോക്ടറുടെ മേല്‍വിലാസത്തിലുള്ള സന്ദേശമായതിനാല്‍ തന്നെ ഇതിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. 'മുന്‍കരുതല്‍ സന്ദേശം'എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍  കോവിഡ് ഡെല്‍റ്റാ വകഭേദത്തെ കുറിച്ചും അതിന്റെ വ്യാപന, അപകടം, സൂക്ഷിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. 

കേള്‍ക്കുമ്പോള്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിത്തറയുമില്ല എന്ന് ഡോ. പിപി. വേണുഗോപാല്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു. ആളുകളെ പരിഭ്രാന്തിയിലാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഇതിന് പുറികിലുള്ളതെന്നും പറയുന്ന കാര്യങ്ങള്‍ക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു മുതിര്‍ന്ന ഡോക്ടറായ തന്റെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് എന്നും ഡോക്ടര്‍ പറഞ്ഞു. 

പോലീസിന്റെ അന്വേഷണത്തില്‍ ഇത് ഡല്‍ഹിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു സന്ദേശമാണെന്നും അതിന്റെ ഗൂഗിള്‍ ട്രാന്‍സിലേറ്റ് വഴി മൊഴിമാറ്റിയ പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല എന്നാണ് പോലീസ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു. 

ഡോ.പിപി. വേണുഗോപാലിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്


 'മുന്‍കരുതല്‍ സന്ദേശം'

ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാര്‍ത്ഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെല്‍റ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതല്‍ മാരകവും ഉയര്‍ന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോള്‍ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിവേഗം കടന്നാക്രമിക്കുന്നു ഇവിടെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ഈ വൈറസ് നേസോഫറിംജ്യല്‍ മേഖലയില്‍ ജീവിക്കുന്നില്ല ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് 'ജാലകങ്ങള്‍' (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങള്‍) കുറവാണ്. അത്തരം നിരവധി രോഗികള്‍ക്ക് പനിയോ വേദനയോ ഇല്ല. എന്നാല്‍ അവരുടെ എക്‌സ്-റേകളില്‍ നേരിയ ന്യുമോണിയ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസല്‍ സ്വാബ് ടെസ്റ്റുകള്‍ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യല്‍ ടെസ്റ്റുകളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായിട്ടുമുണ്ട്

ഇതിനര്‍ത്ഥം വൈറസ് വേഗത്തില്‍ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറല്‍ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു 


നമുക്ക് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ പോലും 1.5 മീറ്റര്‍ അകലം പാലിക്കുക. ഡബിള്‍ ലെയേഡ് ഫെയ്‌സ് മാസ്‌കുകള്‍ മാത്രം ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റയ്‌സര്‍ ഉയപയോഗിച്ചോ വൃത്തിയാക്കുക

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതല്‍ അകന്നു നില്‍ക്കുക. ആലിംഗനങ്ങള്‍ അരുത് കാരണം അധികം പേരും ലക്ഷണമില്ലാത്തവരാണ്.

ഈ 'മൂന്നാം തരംഗം' ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വളരെ മാരകമാണ്. അതിനാല്‍ നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും എല്ലാത്തരം മുന്‍കരുതലുകളും സ്വീകരിക്കുകയും വേണം.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു അലേര്‍ട്ട് കമ്മ്യൂണിക്കേറ്റര്‍ ആകുക. ഈ വിവരങ്ങള്‍ സൂക്ഷിച്ചു വെക്കരുത്. കഴിയുന്നിടത്തോളം, പ്രത്യേകിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.

ഡോ പി പി വേണുഗോപാല്‍ ഹെഡ്-എമര്‍ജന്‍സി വിഭാഗം, ആസ്റ്റര്‍ മിംസ് കോഴിക്കോട്


കോവിഡുമായി ബന്ധപ്പെട്ട് വരുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കുവെക്കരുത്. അത് ലോകാരോഗ്യ സംഘടനയുടെയും, ഭരണകൂടങ്ങളുടേയും, ഡോക്ടര്‍മാരുടേയും പേരിലുള്ളതാണെങ്കില്‍ പോലും പങ്കുവെക്കരുത്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായും സംഘടനകളുടെ വെബ്‌സൈറ്റിലും മറ്റും അന്വേഷിച്ച് ഉറപ്പുവരുത്തുക.

Content Highlights: Covid Pandemic, Omicron Variant,  Fake Messages