യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ചിപ്പ് നിര്‍മാണ കമ്പനികളായ എന്‍വിഡിയയും എഎംഡിയും ചൈനയില്‍ വില്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചിപ്പുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 15% യുഎസ് സര്‍ക്കാരിന് നല്‍കാന്‍ സമ്മതിച്ചു. ചൈനയിലേക്ക് എഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ കമ്പനികള്‍ ഈ വ്യവസ്ഥ അംഗീകരിച്ചത്.

To advertise here,

'ആഗോള വിപണിയില്‍ ഞങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടം നിശ്ചയിച്ച നിയമങ്ങള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കുന്നു,' എന്‍വിഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 'കഴിഞ്ഞ മാസങ്ങളായി ഞങ്ങളുടെ എച്ച്20 ചിപ്പുകള്‍ ചൈനയിലേക്ക് അയച്ചിട്ടില്ല. പുതിയ നിയമങ്ങള്‍ യുഎസിനെ ചൈനയിലും ആഗോള തലത്തിലും മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,' കമ്പനി കൂട്ടിച്ചേര്‍ത്തു.

5ജി സാങ്കേതികവിദ്യയില്‍ പിന്നിലായതിനാല്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ആധിപത്യം നഷ്ടപ്പെട്ട അനുഭവം യുഎസിന് ഇനി ആവര്‍ത്തിക്കാനാവില്ലെന്ന് എന്‍വിഡിയ അഭിപ്രായപ്പെട്ടു. 'നമ്മള്‍ മത്സരത്തില്‍ മുന്നില്‍ നിന്നാല്‍, യുഎസിന്റെ എഐ സാങ്കേതികവിദ്യ ലോക നിലവാരത്തിലേക്ക് ഉയരും,' എന്‍വിഡിയയുടെ പ്രസ്താവനയില്‍ പറയുന്നു.

ചൈന എഐ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങള്‍ക്കോ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നതിനോ ഉപയോഗിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് യുഎസ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ മാസം എന്‍വിഡിയ ഈ നിയന്ത്രണങ്ങള്‍ യുഎസ് പിന്‍വലിച്ചതായും എച്ച്20 ചിപ്പുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി ലഭിച്ചതായും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഈ വിഷയത്തില്‍ എഎംഡി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.