അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന് പിന്നാലെ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി.
പന്ത്രണ്ടിലധികം വിദേശ വിപണികളിൽ നിന്ന് നത്തിങ് പിന്മാറാൻ ആലോചിക്കുന്നുവെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ വിഭാഗങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമായിരുന്നു ഡിജിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിന് പുറമെ നത്തിങ്ങിന്റെ പുതിയ നത്തിങ് ഫോൺ (4ബി) മോഡലിന്‍റെ വിപണിയിലെ പ്രകടനം മോശമാണെന്നും ആഗോള തലത്തിൽ ഇതുവരെ 20000 ഫോണുകൾ മാത്രമാണ് വിറ്റഴിച്ചതെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടു.
എന്നാൽ, ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ആകിസ് ഇവാഞ്ചലിഡിസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഫോൺ (4ബി) ആദ്യ ദിവസം തന്നെ 29537 മോഡലുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും അത് ആ റേഞ്ചിലെ റെക്കോഡ് വില്പനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്നതിനായി കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഇവാഞ്ചലിഡിസ് പറയുന്നു. ഇതിന്റെ ഭാഗമായി എഐ കേന്ദ്രീകൃതമായ പുതിയ ബിസിനസ് യൂണിറ്റ് ഉൾപ്പടെ പ്രത്യേക വാണിജ്യ യൂണിറ്റുകൾ ആരംഭിക്കുമെന്നും, പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ രാജ്യങ്ങളേയും പ്രാദേശിക ഹബ്ബുകളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പുനഃക്രമീകരണം ചില തസ്തികകളിലുള്ള ജീവനക്കാരെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാൽ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ അത് വലിയ തോതിലുള്ള പിരിച്ചുവിടലുകൾ അല്ലെന്നും കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Nothing co-founder Akis Evangelidis dismissed reports of the company exiting over a dozen global markets and carrying out mass layoffs as fake news, confirming that the brand is simply restructuring into regional hubs and creating a dedicated AI-native unit.
Published: 26 Jul 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented