തിരുവനന്തപുരം: സഹപാഠികൾചേർന്ന് ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനി രൂപകല്പനചെയ്ത എ.ഐ. ചിപ്പ് തായ്‌വാനിലെ ഫൗണ്ടറിയിൽ പിറവിയെടുക്കുമ്പോൾ രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന െസമികണ്ടക്ടർ വിപ്ലവത്തിന് ഒരു മലയാളി തുടക്കമാകും.

To advertise here,

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നേത്രാസെമി എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച രൂപകല്പനയിൽ എ.ഐ. അധിഷ്ഠിത സിസ്റ്റം-ഓൺ-ചിപ്പായ എ 2000 ആണ് ഇപ്പോൾ യാഥാർഥ്യമായത്. ഇന്ത്യയിലെ ആദ്യത്തെ 12 നാനോമീറ്റർ എ.ഐ. ചിപ്പാണിതെന്ന് നേത്രാസെമി സ്ഥാപകൻ ജ്യോതിസ് ഇന്ദിരാഭായി പറഞ്ഞു.

എല്ലാവിധ പരിശോധനകളും പൂർത്തിയാക്കി നൂറു ചിപ്പാണ് തായ്‌വാനിലെ ഫൗണ്ടറിയിൽ നിന്ന് തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയിട്ടുള്ളത്.

ഇലക്ട്രോണിക്‌സ് വമ്പൻമാർ അടക്കിഭരിക്കുന്ന ചിപ്പ് രൂപകല്പന മേഖലയിലാണ് ഈ മലയാളി മുന്നേറ്റം.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ പൂർവ വിദ്യാർഥിയായ ജ്യോതിസ് ഇന്ദിരാഭായിക്കൊപ്പം ഭാര്യ ദീപാ ഗീതയും ജ്യോതിസിന്റെ സഹപാഠിയായ ശ്രീജിത്ത് വർമയുമാണ് നേത്രാസെമിയുടെ അമരക്കാർ.

കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഉൾപ്പടെയുള്ളവർ നേത്രാസെമിയുടെ നേട്ടത്തെ അഭിനന്ദിച്ച് സാമൂഹികമാധ്യമ പോസ്റ്റുകൾ പങ്കുെവച്ചിട്ടുണ്ട്.

സ്മാർട്ട് ക്യാമറകൾ, ഡ്രോണുകൾ, റോബോട്ടുകൾ, സി.സി.ടി.വി. എന്നിവയ്ക്കായി തയ്യാറാക്കിയ ഈ 12 നാനോമീറ്റർ ചിപ്പിനെ മറ്റുള്ളവയിൽനിന്ന് വേറിട്ടുനിർത്തുന്നത് ഉയർന്ന കാര്യക്ഷമതയാണ്.

ശേഖരിക്കുന്ന വിവരങ്ങൾ ക്ലൗഡിലേക്കോ സെർവറിലേക്കോ അയക്കാതെ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളിൽത്തന്നെ വിശകലനം ചെയ്യുന്നതുകൊണ്ടാണ് കാര്യക്ഷമത ഉയർന്നത്. അന്താരാഷ്ട്ര കമ്പനികൾ ചിപ്പിന് ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്ന് ജ്യോതിസ് ഇന്ദിരാഭായി പറഞ്ഞു.

1995-ൽ പഠനംപൂർത്തിയാക്കിയ ജ്യോതിസ് ഇന്ദിരാഭായി സി-ഡാകിൽ കുറച്ചുകാലം പ്രവർത്തിച്ചു. ശേഷം ജപ്പാനിൽ പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയിൽ ജോലിചെയ്തു. പിന്നീട് അമേരിക്കയിലെത്തി അവിടെ രണ്ടായിരത്തിന്റെ തുടക്കത്തിൽത്തന്നെ സ്റ്റാർട്ടപ്പുകളിൽ ജോലിചെയ്തു.

2020- ൽ ശ്രീജിത്ത് വർമ്മയെയുംകൂട്ടി നേത്രാസെമിക്ക് തുടക്കമിട്ടു. ആദ്യം പ്രതിസന്ധികൾ നേരിട്ടെങ്കിലും കേന്ദ്രസർക്കാരിന്റെ ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ്, സോഹോ കോർപ്പറേഷൻ തുടങ്ങിയവയുടെ സഹായം ലഭിച്ചതോടെ സ്ഥിതി മാറി.

100 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നേത്രാസെമിയിലേക്ക് ഒഴുകിയത്. മറ്റു ചിപ്പുകളുടെയും രൂപകല്പനയിലാണ് നേത്രാസെമി.