ഈസ്റ്റ് അന്റാർട്ടിക്കയിൽനിന്ന് ഭീമാകാര രൂപമുള്ള പക്ഷിയുടേതിന് സമാനമായ ചിത്രമടക്കം അയച്ച് നാസ-ഐഎസ്ആർഒ സംയുക്ത ഉപഗ്രഹമായ NISAR. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഏജൻസികൾ പുറത്തുവിട്ട റഡാർ ഡാറ്റയിൽ നിന്നാണ് 'ഹമ്മിംഗ് ബേർഡ്' രൂപം വ്യക്തമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഭൂമിയുടെ തണുത്തുറഞ്ഞ പ്രദേശങ്ങളിൽ മറഞ്ഞിരിക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താൻ NISAR ദൗത്യത്തിന് എങ്ങനെ സാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം.

To advertise here,

ഒരു പിക്കപ്പ് ട്രക്കിന്റെ വലിപ്പമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് NISAR (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ). 2025 ജൂലായ് 30-ന് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ഇത് വിക്ഷേപിച്ചത്. 1.5 ബില്ല്യൺ (150 കോടി) ഡോളർ ചെലവുവരുന്ന ഈ ദൗത്യം രണ്ട് വ്യത്യസ്ത റഡാർ ഫ്രീക്വൻസികൾ ഉൾക്കൊള്ളുന്ന ആദ്യത്തെ ഉപഗ്രഹമാണ്: നാസയുടെ എൽ-ബാൻഡ് റഡാറിന് വനമേഖലയിലൂടെയും ആഴത്തിലുള്ള മഞ്ഞിലൂടെയും നിരീക്ഷണം സാധിക്കും. ഐഎസ്ആറോയുടെ എസ്-ബാൻഡ് റഡാർ വിളകൾ, കുറ്റിച്ചെടികൾ, മണ്ണിന്റെ ഈർപ്പം എന്നിവ നിരീക്ഷിക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ളതാണ്.

ഈസ്റ്റ് അന്റാർട്ടിക് മഞ്ഞുപാളിയിലൂടെ കാണാൻ കഴിയുന്ന പർവതശിഖരത്തിന്റെ ചിത്രം നിർമ്മിക്കാൻ NISAR-ന്റെ എൽ-ബാൻഡ് റഡാറിൽ നിന്നുള്ള ഡാറ്റയാണ് നാസ ഉപയോഗിച്ചത്. യു.എസ് ബഹിരാകാശ ഏജൻസിയാണ് ഇതിനെ മഞ്ഞിനുള്ളിൽ മറഞ്ഞിരിക്കുന്ന 'ഹമ്മിങ് ബേഡ്' എന്ന് വിശേഷിപ്പിച്ചത്. ഹിമാനികൾ എങ്ങനെയാണ് ചലിക്കുന്നത് എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന വിശദാംശങ്ങൾ ചിത്രത്തിലുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ആഴത്തിലുള്ള മഞ്ഞിലൂടെ അന്റാർട്ടിക് ഐസിന്റെ ഗുണങ്ങൾ NISAR-ന് നിരീക്ഷിക്കാൻ കഴിയും. ഉപരിതലത്തിനടിയിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ കാണാൻ കഴിയും. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗവേഷകർക്ക് ഐസ് പാളികൾ, ഹിമാനികൾ, പ്രകൃതി ദുരന്തങ്ങൾ, ആവാസവ്യവസ്ഥകൾ, കൃഷി, തീരദേശത്തെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഉപഗ്രഹം സഹായിക്കുന്നു. നേരിയ ചലനം പോലും NISAR അഭൂതപൂർവമായ കൃത്യതയോടെ നിരീക്ഷിക്കുമെന്ന് നാസ പറയുന്നു. ഗ്രീൻലാൻഡിലെയും അന്റാർട്ടിക്കയിലെയും ഹിമാനികൾ, മഞ്ഞുപാളികൾ എന്നിവയുടെ ഉരുകൽ, വനപ്രദേശങ്ങളിലെ തീപിടിത്തങ്ങൾ എന്നിവ കൃത്യതയോടെ നിരീക്ഷിക്കും.