അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സൗരദൗത്യം പഞ്ച് വ്യാഴാഴ്ച വിക്ഷേപിക്കും. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് പഞ്ച് പറന്നുയരുക. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10:09 (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 08:39) ആണ് വിക്ഷേപണത്തിന്റെ സമയം. 

To advertise here,

പൊളാരിമീറ്റര്‍ ടു യൂനിഫൈ ദി കൊറോണ ആന്‍ഡ് ഹീലിയോസ്ഫിയര്‍ എന്നതിന്റെ ചുരുക്കരൂപമാണ് പഞ്ച് (PUNCH). സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയുടെ 3ഡി ചിത്രങ്ങള്‍ പഞ്ച് തുടര്‍ച്ചയായി പകര്‍ത്തും. കൂടാതെ സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്കുള്ള സൗരവാതത്തിന്റെ പ്രയാണവും പഞ്ച് പകര്‍ത്തും. സൗരവാതത്തിന്റെ ഉറവിടങ്ങളെ കുറിച്ചാണ് ദൗത്യം പ്രധാനമായി പഠിക്കുക. 

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് പഞ്ച് വിക്ഷേപിക്കുക. 140 പൗണ്ട് അഥവാ 63.5 കിലോഗ്രാം ഭാരമുള്ള നാല് ചെറുപേടകങ്ങളാണ് പഞ്ചിലുള്ളത്. പ്രകാശത്തിന്റെ ധ്രുവീകരണ സ്വഭാവം (polarization of light) ഉപയോഗപ്പെടുത്തിയാണ് പഞ്ച് പേടകങ്ങള്‍ കൊറോണയേയും സൗരവാതത്തേയും കുറിച്ച് പഠിക്കുക. 

പഞ്ചിനൊപ്പം സ്ഫിയർ-എക്സും

പഞ്ചിനൊപ്പം നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ സ്ഫിയര്‍-എക്‌സും ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ചാണ് സ്ഫിയര്‍ എക്‌സ് ബഹിരാകാശത്തെ 'കാണുക'. പ്രപഞ്ചത്തിലെ 45 കോടി നക്ഷത്രസമൂഹങ്ങളേയും (ഗ്യാലക്‌സികൾ) നമ്മൾ ഉൾപ്പെട്ട നക്ഷത്രസമൂഹമായ ക്ഷീരപഥത്തിലെ (മില്‍ക്കി വേ) 10 കോടി നക്ഷത്രങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ഇത് ശേഖരിക്കും. രണ്ട് വര്‍ഷമാണ് സ്ഫിയര്‍-എക്‌സ് ദൗത്യത്തിന്റെ കാലാവധി. 

കഴിഞ്ഞ 18 മാസത്തിനിടെ വിക്ഷേപിക്കുന്ന മൂന്നാമത്തെ സുപ്രധാന സൗരദൗത്യമാണ് പഞ്ച്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബ-3 എന്നിവയാണ് ഇതിന് മുമ്പ് സമീപകാലത്ത് വിക്ഷേപിക്കപ്പെട്ട ദൗത്യങ്ങള്‍. 2023 സെപ്റ്റംബറിലാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.