നവിമുംബൈ: നിരോധിത ഓൺലൈൻ ഗെയിം ആപ്പായ ‘റെഡി അണ്ണ’ ഉപയോഗിച്ച് 84 കോടി രൂപയുടെ സൈബർത്തട്ടിപ്പ്‌ നടത്തിയ പന്ത്രണ്ടംഗസംഘത്തെ നവിമുബൈ പോലീസിന്റെ സൈബർവിഭാഗം അറസ്റ്റുചെയ്തു. രാജ്യത്താകമാനം 393 സൈബർത്തട്ടിപ്പുകളാണ് സംഘം നടത്തിയത്.

To advertise here,

5000 രൂപ കമ്മിഷൻ നൽകി ആൾക്കാരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ഈ അക്കൗണ്ടുകൾ വഴി ഓൺലൈൻ ചൂതാട്ടം, ഓഹരിത്തട്ടിപ്പ്, തൊഴിൽതട്ടിപ്പ് എന്നിവ നടത്തുകയായിരുന്നു സംഘം.

അക്കൗണ്ട്‌ തുടങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന നെരൂൾ സെക്ടർ 18-ലെ ഉസ്മാൻ മിൻസാ ഷെയ്ഖ് എന്നയാളെ ഒക്ടോബർ 14-ന് സിബിഡി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയതോടെയാണ് സൈബർത്തട്ടിപ്പിന്റെ ചരുളഴിഞ്ഞത്. എഴുപതോളം ബാങ്ക് അക്കൗണ്ടുകൾ ഇയാൾ തുറന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പാസ്‌ബുക്ക്, ചെക്ക് ബുക്ക് എന്നിവ ഡോംബിവിലിയിലെ ഹാരിസ് എന്നയാൾക്ക് ഇയാൾ പോർട്ടർ വഴി അയച്ചുകൊടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് സംഘത്തിലെ മറ്റുള്ളവർ അറസ്റ്റിലായത്. പിടിയിലായവരിൽനിന്ന് 52 ഫോണുകൾ, ഏഴ് ലാപ്‌ടോപ്, 99 ഡെബിറ്റ്കാർഡുകൾ, 64 പാസ്ബുക്കുകൾ എന്നിവ പോലീസ് കണ്ടെടുത്തു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അജയ് കുമാർ ലാൻണ്ടെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

സൈബർത്തട്ടിപ്പ്: നാലുപേർ പിടിയിൽ

മുംബൈ: സൈബർത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേരെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് മസൂദ് അബ്ദുൾ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂർ ആലം ആഷിഖ് അലി ഖാൻ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരാണ് പിടിയിലായത്. കേസിൽ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിൽ രണ്ടുപേർ ദുബായിൽ താമസിക്കുന്നവരാണ്.

സാക്കിനാക്കയിലെ ഒരു ഹോട്ടലിൽ സബ് ഇൻസ്പെക്ടർ സാഗർ ജാദവിന്റെ നേതൃത്വത്തിൽനടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ബെംഗളൂരു നിവാസിയായ വസീം, ദുബായിൽ താമസിക്കുന്ന മൊഹ്സിൻ, സഫർ എന്നിവരാണ് തട്ടിപ്പിന് നേതൃത്വംനൽകിയതെന്ന് പോലീസ് പറയുന്നു. വസീമിൽനിന്ന് മൊബൈൽ ഫോണുകൾ, പാസ്പോർട്ട്, യുഎഇ ഐഡി കാർഡ്, ഏഴ് സിം കാർഡുകൾ എന്നിവയും കണ്ടെടുത്തു.