ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഒറ്റദിവസത്തെ ഏറ്റവും വലിയ വിപണി മൂല്യവർധന നേടിയാണ്‌ ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് ചരിത്രം കുറിച്ചത്. കമ്പനിയുടെ ഓഹരി വില ഒറ്റദിവസം കൊണ്ട് 16 ശതമാനം ഉയർന്നു. 2008 ഒക്ടോബറിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയർന്ന ശതമാന വർധനവാണിത്.

To advertise here,

ഒറ്റദിവസത്തെ വ്യാപാരം കൊണ്ട് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിൽ ഏകദേശം 450 ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം 440 ബില്യൺ ഡോളറിന്റെ ഒറ്റദിവസത്തെ വിപണി മൂല്യവർധനവ് നേടി എൻവിഡിയ സ്ഥാപിച്ച റെക്കോർഡാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ മറികടന്നത്.

മൈക്രോസോഫ്റ്റിന്റെ 'അഷ്വർ' (Azure) ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗത്തിന്റെ വരുമാനത്തിൽ അന്തിമ സാമ്പത്തിക പാദത്തിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022-ന് ശേഷമുള്ള അഷ്വറിന്റെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.

മൈക്രോസോഫ്റ്റ് ഒറ്റദിവസം കൊണ്ട് നേടിയ ഈ മൂല്യവർധന S&P 500 സൂചികയിലുള്ള 96% കമ്പനികളുടെയും മൊത്തം വിപണിമൂല്യത്തേക്കാൾ വലുതാണ്. ഡൊമിനോസ് പിസ്സ, ക്ലോറോക്സ്, ഹാസ്ബ്രോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്ന സൂചികയിലെ ഏറ്റവും ചെറിയ 41 കമ്പനികളുടെ ആകെ മൂല്യത്തേക്കാൾ കൂടുതലാണിത്.

കൂടാതെ ദക്ഷിണാഫ്രിക്ക, തുർക്കി, ഫിൻലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ഓഹരി വിപണി മൂല്യത്തേക്കാൾ അധികമാണ് മൈക്രോസോഫ്റ്റിന് ഒറ്റദിവസം കൊണ്ട് ലഭിച്ച ഈ നേട്ടം.