വരാനിരിക്കുന്ന കംപ്യൂട്ടിങ് വിപ്ലവം ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടേയും ആപ്പുകളുടേയും ആയിരിക്കില്ലെന്നും അത് നിർമിത ബുദ്ധി ഏജന്റുകളുടേതായിരിക്കുമെന്നും മൈക്രോസോഫ്റ്റ്. കമ്പനിയുടെ ബിൽഡ് 2026 ഡെവലപ്പർ കോൺഫറൻസിൽ സംസാരിക്കവെ കമ്പനി മേധാവി സത്യ നദെല്ലയാണ് ഇങ്ങനെ ഒരു വീക്ഷണം മുന്നോട്ടുവെച്ചത്. ഉപകരണങ്ങളിലും ആപ്പുകളിലും കേന്ദ്രീകരിച്ചിരുന്ന ഒരു ലോകത്തുനിന്ന് മൈക്രോസോഫ്റ്റ് അകലുകയാണെന്നും കംപ്യൂട്ടറുകളുടേയും മനുഷ്യരുടേയും ഇടയിൽ പ്രധാന ബന്ധകം (interface) ആയി എ.ഐ. ഏജന്റുകൾ പ്രവർത്തിക്കുന്ന ലോകത്തോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'ഏജന്റ്-ഫസ്റ്റ് കംപ്യൂട്ടിങ്' എന്ന് കമ്പനി വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്കായി ക്വാൽകോമുമായി സഹകരിച്ച് രൂപകല്പന ചെയ്ത 'പ്രൊജക്ട് സൊലാര' (Project Solara) എന്ന പുതിയ ചിപ്പ്-ടു-ക്ലൗഡ് പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് നദെല്ലയുടെ പരാമർശങ്ങൾ. ആപ്പുകൾക്കുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അസിസ്റ്റന്റുകൾ എന്നതിനപ്പുറത്തേക്ക് എ.ഐ. ഏജന്റുകൾ വികസിക്കുകയാണെന്നും സോഫ്റ്റ്‌വേർ, ഉപകരണങ്ങൾ, വർക്ക്ഫ്‌ലോകൾ എന്നിവയിലുടനീളം അവ കൂടുതൽ വ്യാപകമായി പ്രവർത്തിക്കുമെന്നും ഇത് ഭാവിയിലെ കംപ്യൂട്ടറുകളുടെ നിർമാണത്തെയും ഉപയോഗത്തെയും മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വാദിക്കുന്നു.

മുൻകാല കംപ്യൂട്ടിങ് യുഗങ്ങളിൽനിന്ന് വേറിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം മാറ്റം ആയിരിക്കും ഇതെന്ന് നദെല്ല പറയുന്നു. 'ആപ്പുകൾക്കായി ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഉപകരണങ്ങളും നിർമിക്കുന്നതിൽനിന്ന് ഏജന്റുകൾക്കായി അവ നിർമിക്കുന്നതിലേക്ക് നമ്മൾ മാറുകയാണ്,'- അദ്ദേഹം പറഞ്ഞു.

ആളുകൾ സാങ്കേതികവിദ്യയുമായി ഇടപെടുന്നതിന്റെ പ്രധാന മാർഗമായി എ.ഐ. ഏജന്റുകൾ മാറുമെന്ന കാഴ്ചപ്പാടിൽനിന്നു കൊണ്ടാണ് മൈക്രോസോഫ്റ്റ് പ്രൊജക്ട് സൊലാര വിഭാവനം ചെയ്യുന്നത്. ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ, എഷ്യൂവർ ക്ലൗഡ് സേവനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഏജന്റ് അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്ന ചിപ്പ് റ്റു ക്ലൗഡ് പ്ലാറ്റ്‌ഫോം ആണ് പ്രൊജക്ട് സൊലാര എന്ന് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു.

പുതിയതും സവിശേഷവുമായ രൂപഭാവങ്ങളിലൂടെ (form factors) നിർമിത ബുദ്ധിയുമായി ചലനാത്മകമായി സംവദിക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, എ.ഐ. ഏജന്റുകൾ പ്രോഗ്രാമിങ്ങിന്റെ ഒരു പുതിയ ഘടകമായും മനുഷ്യർക്ക് കംപ്യൂട്ടറുകളുമായി സംവദിക്കാനുള്ള ഒരു പുതിയ മാർഗ്ഗമായും മാറിക്കൊണ്ടിരിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സൊലാര രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കംപ്യൂട്ടിങ് എന്നത് മെയിൻഫ്രെയിമുകളിൽനിന്ന് പേഴ്‌സണൽ കംപ്യൂട്ടറുകളിലേക്കും സ്മാർട്ട്ഫോണുകളിലേക്കും വെയറബിളുകളിലേക്കും നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിൽ ഓരോ തലമുറയും ഉപയോക്താവിലേക്ക് കൂടുതൽ അടുക്കുകയാണെന്നും മൈക്രോസോഫ്റ്റ് പുറത്തുവിട്ട ഒരു പ്രബന്ധത്തിൽ പറയുന്നു. എ.ഐ. ഏജന്റുകൾ അടുത്ത സംവേദന തലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കമ്പനി വിശ്വസിക്കുന്നു; ഇത് ആപ്പുകളിലൂടെയും മെനുകളിലൂടെയും ഇന്റർഫേസുകളിലൂടെയും സഞ്ചരിക്കുന്നതിന് പകരം സ്വാഭാവിക ഭാഷയിലൂടെ കംപ്യൂട്ടറുകളുമായി ആശയവിനിമയം നടത്താൻ ആളുകളെ അനുവദിക്കുന്നു.

എ.ഐ. സംയോജനത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ആദ്യത്തേത്, ഇന്നത്തെ ചാറ്റ്ബോട്ടുകൾക്കും കോപൈലറ്റുകൾക്കും സമാനമായി ഒരു സഹായിയായി ആപ്പിനൊപ്പം എ.ഐ.യെ പ്രതിഷ്ഠിക്കുന്നു. രണ്ടാമത്തേത്, എ.ഐ.യെ ആപ്ലിക്കേഷനുകൾക്കുള്ളിൽ നേരിട്ട് ഉൾപ്പെടുത്തുകയും അതിനെ ഉപയോക്തൃ അനുഭവത്തിന്റെ കേന്ദ്രബിന്ദുവാക്കുകയും ചെയ്യുന്നു. ഒന്നിലധികം ആപ്പുകൾ, സേവനങ്ങൾ, ഉപകരണങ്ങൾ എന്നിവയിലുടനീളം വർക്ക് ഫ്‌ളോകൾ ഏകോപിപ്പിക്കുകയും സന്ദർഭത്തിന്റെ തുടർച്ച നിലനിർത്തുകയും ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും മൂന്നാമത്തെ ഘട്ടത്തിൽ എ.ഐ. എന്നും കമ്പനി വിശദീകരിക്കുന്നു. സൊലാര പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ മൂന്നാമത്തെ ഘട്ടത്തിന് വേണ്ടിയാണ്.

'ജസ്റ്റ്-ഇൻ-ടൈം യു.ഐ.' (just in time UI) എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന ഒന്നാണ് ഈ പ്ലാറ്റ്ഫോമിന്റെ ഒരു പ്രധാന ഘടകം. വിവിധ ഉപകരണങ്ങൾക്കായി പ്രത്യേക ഇന്റർഫേസുകൾ നിർമിക്കുന്നതിന് പകരം, സ്‌ക്രീനിന്റെ വലുപ്പം, ഉള്ളടക്കം, കൂടാതെ ശബ്ദം, സ്പർശനം, കാഴ്ച, മൾട്ടിമോഡൽ ഇൻപുട്ടുകൾ തുടങ്ങിയ സംവേദന മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ ഫ്‌ളെക്‌സിബിളായ ഉപഭോക്തൃ അനുഭവം നൽകാൻ എ.ഐ. ഏജന്റുകൾക്ക് സാധിക്കും. ഇത് തികച്ചും പുതിയ ഉപകരണ വിഭാഗങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചെലവും സങ്കീർണതയും ഗണ്യമായി കുറയ്ക്കുമെന്നും കമ്പനി വാദിക്കുന്നു.

അത് മാത്രമല്ല, ഏതെങ്കിലും ഒരു എ.ഐ. ഏജന്റ് മാത്രമായിരിക്കില്ല ഈ പ്ലാറ്റ്‌ഫോമിൽ സഹായിയായി ഉണ്ടാവുക. പകരം ഒന്നിലധികം ഏജന്റുകൾ ഉൾക്കൊള്ളുന്ന മൾട്ടി ഏജന്റ് ലോകം എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഒന്നായാണ് സൊലാരയെ കമ്പനി തയ്യാറാക്കുന്നത്. ഒന്നിലധികം എ.ഐ. ഏജന്റുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിനായി ഏജന്റ് ഡിസ്പാച്ചർ (agent dispatcher), ഏജന്റ് ടാസ്‌ക് മാനേജർ (agent task manager) തുടങ്ങിയ സാങ്കേതികവിദ്യകളും കമ്പനി വികസിപ്പിച്ചുവരികയാണ്.