ഹാർഡ് ഡ്രൈവുകൾ, മാഗ്നറ്റിക് ടേപ്പുകൾ, എസ്എസ്ഡി പോലുള്ളവയിൽ വലിയ അളവിൽ ഡേറ്റ സൂക്ഷിക്കാനാവുമെങ്കിലും അവയ്ക്ക് ദീർഘകാലം ആയുസ്സില്ല.

ലോകജനത ദിവസം തോറും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വിവരങ്ങളുടെ അളവ് എത്രയോ മടങ്ങായി വർധിച്ചുകഴിഞ്ഞിട്ടുണ്ട്. ഫോട്ടോയാകട്ടെ, ഇമെയിലുകളാകട്ടെ, ഗവേഷണങ്ങളോ എഐ മോഡലുകളോ ആവട്ടെ ഓരോ വർഷവും നിർമിച്ചുകൊണ്ടിരിക്കുന്ന ഡേറ്റ വർധിക്കുകയാണ്. എഐക്ക് ഇനിയും ഡേറ്റ സൂക്ഷിക്കാൻ കൂടുതൽ ഇടം ആവശ്യമാണ് താനും. അതുകൊണ്ടുതന്നെ സ്റ്റോറേജ് സാങ്കേതികവിദ്യ ഇനിയും വികാസം പ്രാപിക്കേണ്ടതുണ്ട്.
ഇപ്പോഴിതാ ഗ്ലാസിനുള്ളിൽ ആയിരക്കണക്കിന് വർഷങ്ങളോളം ഡേറ്റ സൂക്ഷിക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റിലെ ഗവേഷകർ. പ്രൊജക്ട് സിലിക്ക എന്ന കമ്പനിയുടെ ഗവേഷണവിഭാഗമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഗ്ലാസ് കഷ്ണങ്ങളിൽ അൾട്രാ-ഫാസ്റ്റ് ലേസറുകൾ ഉപയോഗിച്ച് ഡേറ്റ സംഭരിക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്.
ഹാർഡ് ഡ്രൈവുകൾ, മാഗ്നറ്റിക് ടേപ്പുകൾ, എസ്എസ്ഡി പോലുള്ളവയിൽ വലിയ അളവിൽ ഡേറ്റ സൂക്ഷിക്കാനാവുമെങ്കിലും അവയ്ക്ക് ദീർഘകാലം ആയുസ്സില്ല. കാലം കഴിയുന്തോറും അവയുടെ ശേഷി കുറഞ്ഞുവന്നേക്കും; തകരാറിലായേക്കും. അതുകൊണ്ടുതന്നെ ഡേറ്റ നഷ്ടമാവാതിരിക്കാൻ നിശ്ചിത കാലത്തിനുള്ളിൽ ഇത്തരം സംവിധാനങ്ങളിലെ ഡേറ്റ മറ്റൊന്നിലേക്ക് മാറ്റേണ്ടിവരും.
സ്റ്റോറേജ് സംവിധാനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി മികച്ച ഈട് ലഭിക്കുക എന്നതാണെന്ന് പ്രൊജക്ട് സിലിക്ക റിസർച്ച് ഡയറക്ടർ റിച്ചാർഡ് ബ്ലാക്ക് സിനെറ്റിനോട് പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾക്ക് നിരന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും എന്നാൽ ഗ്ലാസിൽ ആ പ്രശ്നമില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പരമ്പരാഗത സ്റ്റോറേജ് സംവിധാനങ്ങൾ ക്ഷയിക്കുന്നപോലെ ഗ്ലാസിന് സംഭവിക്കില്ല. ദീർഘകാല ഡാറ്റാ സ്റ്റോറേജ് സാധ്യമാണെന്നാണ് തങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ഗ്ലാസിനുള്ളിൽ ഡാറ്റ സൂക്ഷിക്കുന്നത് ?
ഗ്ലാസിനുള്ളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഗവേഷകർ ഫെംറ്റോസെക്കൻഡ് ലേസർ (femtosecond laser) ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. സെക്കൻഡിന്റെ പത്തുലക്ഷം കോടിയിലൊരംശം (one quadrillionth) മാത്രം ദൈർഘ്യമുള്ള പൾസുകളാണ് ഇവ പുറപ്പെടുവിക്കുന്നത്. ഗ്ലാസിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ അതിന്റെ ഉൾഭാഗത്ത് മാറ്റങ്ങൾ വരുത്താൻ തക്ക കൃത്യത ഈ ലേസറുകൾക്കുണ്ട്. കണ്ണിലെ ശസ്ത്രക്രിയ പോലുള്ള അതീവ സൂക്ഷ്മമായ ചികിത്സാരീതികളിൽ ഇവ സാധാരണയായി ഉപയോഗിച്ചുവരുന്നു.
പരന്ന ബിറ്റുകളായി ഡേറ്റ സൂക്ഷിക്കുന്നതിനു പകരം സൂക്ഷ്മമായ ത്രിഡി രൂപങ്ങളാണ് ഈ ലേസർ നിർമിക്കുക. ഗ്ലാസിനുള്ളിലെ വോക്സൽസ് എന്ന് ഇതിനെ വിളിക്കും. പിക്സലിന്റെ ത്രീഡി രൂപം എന്ന് സങ്കല്പിച്ചാൽ മതി. അതിസൂക്ഷ്മമായ വോക്സലുകളാണ് ഡിജിറ്റൽ വിവരങ്ങളെ ഗ്ലാസിനുള്ളിൽ സൂക്ഷിക്കുന്നത്. ഇങ്ങനെ ഗ്ലാസിനുള്ളിൽ രേഖപ്പെടുത്തിയ ഡിജിറ്റൽ ഡേറ്റയുടെ പാറ്റേണുകൾ പരിശോധിച്ച് ഡേറ്റ വീണ്ടെടുക്കാൻ ഓട്ടോമേറ്റഡ് റോബോട്ടിക് സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുക.
ഈ സംവിധാനം വെറും ആശയമല്ല, അത് ഉപയോഗിച്ചുനോക്കുക കൂടി ചെയ്തിട്ടുണ്ട് ഗവേഷകർ. 2019-ൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 1978-ലെ സൂപ്പർമാൻ സിനിമ ഗവേഷകർ ഗ്ലാസ് കഷണങ്ങളിൽ ശേഖരിച്ചു. കൂടാതെ നോർവേയിലെ വാൽബാർഡിൽ ഭാവിയിലേക്കായി സംഗീതം ശേഖരിച്ചുവെക്കുന്ന ഗ്ലോബൽ മ്യൂസിക് വോൾട്ട് എന്നറിയപ്പെടുന്ന പദ്ധതിയിലും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
താപം, ഈർപ്പം, വൈദ്യുതകാന്തിക തടസ്സങ്ങൾ, ആഘാതങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഗ്ലാസിന് മികച്ച ശേഷിയുണ്ട്. ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കേണ്ടതില്ലാത്തതിനാൽ, നിലവിലുള്ള സ്റ്റോറേജ് സംവിധാനങ്ങളെ അപേക്ഷിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഇത് കൂടുതൽ സുസ്ഥിരമായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. നേച്ചർ ജേണലിൽ ഈ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Published: 25 Feb 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented