അപകടകരമെന്ന് വിശേഷിപ്പിക്കപ്പെട്ട മിത്തോസ് ക്ലാസിൽപ്പെട്ട ആദ്യ എഐ മോഡൽ കഴിഞ്ഞ ദിവസമാണ് ആന്ത്രോപിക് പുറത്തിറക്കിയത്. മിത്തോസിൽനിന്ന് വ്യത്യസ്തമായി Claude Fable 5 പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് എഐ കമ്പനി വ്യക്തമാക്കിയിരുന്നു. അപകടകരമായ കഴിവുകൾ പലതും പരിമിതപ്പെടുത്തിയാണ് എഐ മോഡൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. അതിനിടെ സ്വന്തം എൻജിനിയർമാർ Fable 5 ഉപയോഗിക്കരുതെന്ന കർശന നിർദേശം നിൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പുറത്തിറക്കിയതിന് തൊട്ടടുത്ത ദിവസംതന്നെ മൈക്രോസോഫ്റ്റ് ഇത് ഒഴിവാക്കിയത് ടെക് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു.

To advertise here,

മൈക്രോസോഫ്റ്റിന്റെ GitHub Copilot, Foundry ഉപയോക്താക്കൾക്ക് ഒരു തടസ്സവുമില്ലാതെ ഈ മോഡൽ ലഭ്യമാക്കിയിട്ടും സ്വന്തം എൻജിനിയർമാർ ഉപയോഗിക്കേണ്ടതില്ല എന്നാണ് നിർദേശം. മറ്റ് ക്ലോഡ് മോഡലുകൾ മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഒരു വ്യത്യാസം കാരണം മൈക്രോസോഫ്റ്റിന്റെ നിയമ വിഭാഗം ഇതിനെ എതിർക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരു കമ്പനികളും അത്രത്തോളം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെയാണ് ഈ എതിർപ്പ് എന്നതാണ് ശ്രദ്ധേയം.

ആന്ത്രോപിക്കിന്റെ പുതിയ ഡാറ്റാ റീടെൻഷൻ ആവശ്യകതകൾ കാരണമാണ് മൈക്രോസോഫ്റ്റ് Fable 5-ന്റെ കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്നതെന്ന് ദി വെർജ് റിപ്പോർട്ടിൽ പറയുന്നു. സീറോ ഡാറ്റാ റീടെൻഷൻ (ZDR) പ്രകാരമല്ല Fable 5 പ്രവർത്തിക്കുന്നത്. ഈ സാങ്കേതിക വ്യത്യാസം കാരണമാണ് മൈക്രോസോഫ്റ്റിന്റെ നിയമ വിഭാഗം Fable 5-നെ എതിർക്കുന്നത്.

Claude Fable 5-ന് ഡാറ്റാ റീടെൻഷൻ ആവശ്യമാണ്. പ്രോംപ്റ്റുകളും ഔട്ട്പുട്ടുകളും 30 ദിവസം അവർ സൂക്ഷിക്കും. നയം ലംഘിക്കുന്നതായി കണ്ടെത്തുന്ന എന്തും ആന്ത്രോപിക്കിന്റെ സെർവറുകളിൽ രണ്ട് വർഷം വരെ സൂക്ഷിക്കാൻ സാധ്യതയുണ്ട്. വളരെ ഉയർന്ന അളവിൽ ഉപഭോക്തൃ ഡേറ്റ സൂക്ഷിക്കുകയും രഹസ്യ ജോലികൾ കൈകാര്യം ചെയ്യുന്നതുമായ ഒരു കമ്പനിക്ക് ഇത് തലവേദന സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് നിയമ ഉപദേഷ്ടാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെടുത്.

സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ അസാമാന്യ കഴിവുള്ളതാണ് ക്ലോഡ് മിത്തോസ് എന്നാണ് ആന്ത്രോപിക് പറയുന്നത്. ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. അതിനിടെ അധിക സുരക്ഷാ സംവിധാനങ്ങൾ ചേർത്താണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള Fable 5 കമ്പനി പുറത്തിറക്കിയത്. ഈ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണ് റീടെൻഷൻ ആവശ്യകത എന്നാണ് പുറത്തുവരുന്ന വിവരം.