പ്രതീകാത്മക ചിത്രം | photo: getty images
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തി ബിങ് സെര്‍ച്ച് എഞ്ചിനും, എഡ്ജ് വെബ് ബ്രൗസറും പരിഷ്‌കരിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. വിദഗ്ദര്‍ പ്രവചിച്ച പോലെ ഈ രംഗങ്ങളില്‍ ഗൂഗിളിന്റെ മേധാവിത്വത്തിന് നേരിട്ട് തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ് മൈക്രോസോഫ്റ്റ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെര്‍ച്ച് എഞ്ചിന്‍, ബ്രൗസര്‍ സാങ്കേതിക വിദ്യാ രംഗത്ത് മൈക്രോസോഫ്റ്റിന് പിന്തള്ളി മുന്നേറിയ കമ്പനിയാണ് ഗൂഗിള്‍.
ഒരു ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തിയാണ് ബിങ് സെര്‍ച്ച് എഞ്ചിന്‍ പരിഷ്‌കരിച്ചിരിക്കുന്നത്. സെര്‍ച്ച് ചെയ്യു്ന്ന രീതി തന്നെ ഇതില്‍ മാറുന്നു.
സാധാരണ കീവേഡുകള്‍ ഉപയോഗിച്ചാണ് നമ്മള്‍ സെര്‍ച്ച് ചെയ്യാറ്. മുഴുവനായി ഒരു ചോദ്യം ചോദിച്ചാലും ആ ചോദ്യങ്ങളിലെ വാക്കുകള്‍ കീവേഡുകളായി പരിഗണിച്ചാണ് ബ്രൗസര്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ കാണിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ ചാറ്റ് ജിപിടിയില്‍ പരിചയപ്പെട്ടത് പോലെ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഒരു മുഴുവന്‍ ചോദ്യമായി തന്നെ ബിങ് സെര്‍ച്ചില്‍ ചോദിക്കാം. അത്തരം ചോദ്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ് താഴെ,

നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേക്കാവുന്ന ചില ലിങ്കുകള്‍ കാണിക്കുന്നതിന് പകരം. നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്ന വിവിധ ഉറവിടങ്ങള്‍ തിരഞ്ഞ് സംഗ്രഹിച്ചുള്ള ഒരു മറുപടിയാണ് ബിങ് ബ്രൗസര്‍ നല്‍കുക.
നമ്മള്‍ സംസാരിക്കുന്ന, ചിന്തിക്കുന്ന, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്ന രീതിയില്‍ ബിങിനോട് ചോദ്യങ്ങള്‍ ചോദിക്കാനാവും. ചാറ്റ് ജിപിടിയെ പോലെ വിശദമായ മറുപടികള്‍ നല്‍കാന്‍ ബിങിന് സാധിക്കും.
സ്വാഭാവികമായ ചാറ്റായി ഇത് അനുഭവപ്പെടാം. ചോദ്യങ്ങളുടെ അനുബന്ധ ചോദ്യങ്ങള്‍ തുടര്‍ന്ന് ചോദിക്കാം. കവിതയെഴുതാനും കഥയെഴുതാനും, ഇമെയില്‍ സന്ദേശം എഴുതാനുമെല്ലാം ബിങ് ഉപയോഗിക്കാം. ഓപ്പണ്‍ എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം ഈ സംവിധാനത്തിന്റെ ദുരുപയോഗം തടയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓപ്പണ്‍ എഐയുമായി സഹകരിച്ച് നിരന്തരം പ്രവര്‍ത്തിക്കുമെന്ന് ബിങ് വ്യക്തമാക്കുന്നു.
അതേസമയം, ഏതെങ്കിലും രീതിയില്‍ പ്രശ്‌നകരമായ ഉള്ളടക്കം ബിങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് തങ്ങളെ ഉടന്‍തന്നെ അറിയിക്കണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു.
വിശ്വസ്തമായ ഉറവിടങ്ങളില്‍ നിന്നാണ് ബിങിന്റെ പ്രതികരണങ്ങള്‍ എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പിശകുകള്‍ സംഭവിക്കാമെന്നും ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളെല്ലാം ശരിയാകണമെന്നില്ലെന്നും ബിങ് ചൂണ്ടിക്കാണിക്കുന്നു. ലഭിക്കുന്ന വിവരങ്ങളെ ബിങ് ചിലപ്പോള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാം. പൂര്‍ണതയില്ലാത്ത, കൃത്യമല്ലാത്ത, ഉചിതമല്ലാത്ത ഉള്ളടക്കങ്ങള്‍ ലഭിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും ബിങ് നല്‍കുന്നുണ്ട്.
ജനറേറ്റീവ് എഐ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പോയ വര്‍ഷം അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിയിലൂടെ എല്ലാവരും മനസിലാക്കിയതാണ്. മനുഷ്യ സമാനമായ പ്രതികരണങ്ങള്‍ നടത്താന്‍ ഇതിന് സാധിക്കുമെന്നതാണ് മുഖ്യ സവിശേഷത. ഇതിന്റെ സാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ ഒന്നാണ് സെര്‍ച്ച് എഞ്ചിനുകള്‍.
പരിമിതമായ ഉപഭോക്താക്കള്‍ക്കായി പുതിയ ബിങ് ലഭ്യമാക്കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ മൊബൈല്‍ ഫോണുകളിലും ഈ സേവനം എത്തിക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും.
ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ജനറേറ്റീവ് പ്രീ-ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ (ജിപിടി) സാങ്കേതിക വിദ്യയുടെ പുതിയ പതിപ്പായ ജിപിടി 4 ആണോ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചില്ല.
Content Highlights: Microsoft, Bing search engine, Edge browser, AI, Open Ai, challenge to Google
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..