ഗൂഗിളിന്റെ ഇന്ത്യയിലെ അപ്രെന്റീസ്ഷിപ്പ് പ്രോഗ്രാം 2027-ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എന്നാൽ, പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് കമ്പനിയിൽ സ്ഥിര ജോലി ലഭിക്കുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഗൂഗിൾ രംഗത്തെത്തി. അപ്രെന്റീസ്ഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ഗൂഗിൾ അപ്രെന്റീസ്ഷിപ്പ് ആൻഡ് ട്രെയിനിഷിപ്പ് പ്രോഗ്രാം എപിഎസി ലീഡ് ഷാനു അഹ്‌ലുവാലിയ വിജ് പങ്കുവെച്ച ലിങ്ക്ഡ്ഇൻ കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

To advertise here,

അപ്രെന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നത് ഗൂഗിളിൽ നേരിട്ട് ജോലിയ്ക്കുള്ള വഴി തുറക്കില്ലെങ്കിലും ഐടി മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള വലിയൊരു അവസരമാണിതെന്ന് ഷാനു വ്യക്തമാക്കുന്നു. പ്രോഗ്രാമിലൂടെ ലഭിക്കുന്ന പ്രായോഗിക പരിശീലനവും പരിചയസമ്പത്തും മറ്റ് മുൻനിര ടെക് കമ്പനികളിൽ ജോലി നേടാനോ ഉന്നത പഠനത്തിനോ ഉദ്യോഗാർത്ഥികളെ സഹായിക്കും. കൂടാതെ, ഗൂഗിളിൽ ഒഴിവുകൾ വരുമ്പോൾ സാധാരണ രീതിയിലുള്ള അപേക്ഷാ നടപടികളിലൂടെ അപ്രെന്റീസുകൾക്കും അപേക്ഷിക്കാവുന്നതാണ്.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:

  • ഫ്രെഷർമാർക്ക് മാത്രമല്ല: ബിരുദം അടുത്തിടെ പൂർത്തിയാക്കിയവർക്ക് മാത്രമല്ല പ്രോഗ്രാം. വ്യത്യസ്ത പ്രായത്തിലുള്ളവർക്കും കരിയർ ചേഞ്ച് ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം.

  • ബിരുദമോ മുൻപരിചയമോ നിർബന്ധമല്ല: പ്രത്യേക അക്കാദമിക് ബിരുദമോ സാങ്കേതിക മേഖലയിലെ മുൻപരിചയമോ ഇല്ലെങ്കിലും അപേക്ഷിക്കാം. തെരഞ്ഞെടുത്ത മേഖലയിൽ ഒരു വർഷത്തിൽ താഴെ മാത്രം പരിചയസമ്പത്തുള്ളവർക്കും അവസരമുണ്ട്.

  • നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് എന്നതിലുപരി, ഉദ്യോഗാർത്ഥികളിൽ ജോലിക്ക് ആവശ്യമായ വൈദഗ്ധ്യവും തൊഴിൽ പരിചയവും വളർത്തിയെടുക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.