മൈക്രോസോഫ്റ്റിന്റെ ജനറേറ്റീവ് എഐ സേവനമായ അഷ്വര്‍ ഓപ്പണ്‍ എഐയില്‍ ഹാക്കര്‍മാര്‍ കടന്നുകയറിയതായി സ്ഥിരീകരിച്ച് കമ്പനി. സേവനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നും കമ്പനി പറയുന്നു. 2024 ഡിസംബറിലാണ് അജ്ഞാതരായ ആളുകള്‍ക്കെതിരെ യുഎസ് കോടതിയില്‍ മൈക്രോസോഫ്റ്റ് പരാതി നല്‍കിയത്. 

To advertise here,

വിദേശത്ത് നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇവര്‍ അനധികൃതമായി അഷ്വര്‍ ഓപ്പണ്‍ എഐ സേവനത്തില്‍ കടന്നുകയറിയത്. 

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ക്ലൗഡ് ആപ്പുകളില്‍ ചാറ്റ് ജിപിടി, ഡാല്‍ഇ പോലുള്ള ടൂളുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന സേവനമാണ് അഷ്വര്‍ ഓപ്പണ്‍ എഐ. ഗിറ്റ്ഹബ് കോ പൈലറ്റ് സേവനത്തിന് വേണ്ടി ഉപയോഗിക്കുന്നതും ഈ എഐ സേവനമാണ്. 

അഷ്വര്‍ ഓപ്പണ്‍ എഐയുടെ ഉപഭോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ കയ്യടക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അതുവഴി ചില എഐ സേവനങ്ങളുടെ അക്കൗണ്ടുകളില്‍ നിയമവിരുദ്ധമായി കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നും ആ സേവനങ്ങളുടെ കഴിവുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിച്ചുവെന്നും മൈക്രോസോഫ്റ്റ് പറയുന്നു. 

അഷ്വര്‍ ഓപ്പണ്‍ എഐ അക്കൗണ്ടുകളില്‍ കടന്നുകയറി ദുരുപയോഗം ചെയ്യാനുള്ള സൗകര്യം ഹാക്കര്‍മാര്‍ മറ്റ് കുറ്റവാളികള്‍ക്ക് വില്‍ക്കുകയും ചെയ്തു. ഈ സേവനം ഉപയോഗിച്ച് എങ്ങനെ ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാം എന്ന വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടക്കമാണ് വില്‍പന നടത്തിയത്. എന്നാല്‍ ഏത് തരം ദോഷകരമായ ഉള്ളടക്കങ്ങളാണ് ഇവര്‍ നിര്‍മിച്ചതെന്ന് വ്യക്തമല്ല.