കമ്പനിയുടെ എക്കാലത്തെയും ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിന്റെ ആദ്യഘട്ടം നടപ്പാനൊരുങ്ങി മെറ്റ. 8,000-ത്തോളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നീക്കം. ആഗോള തലത്തിലുള്ള ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ ഒറ്റയടിക്ക് പുറത്താക്കും. പിരിച്ചുവിടലിന്റെ ഒന്നാംഘട്ടം മെയ് 20-ന് തുടങ്ങുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മെറ്റ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

To advertise here,

ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് മെറ്റയിൽ ഏകദേശം 79,000 ജീവനക്കാരാണുള്ളത്. നിർമിതബുദ്ധി (എഐ)യിലേക്ക് ചുവടുമാറാനുള്ള മെറ്റ സിഇഓ മാർക്ക് സക്കർബർഗിന്റെ നീക്കവുമായി ബന്ധപ്പെട്ടതാണ് പിരിച്ചുവിടൽ എന്നാണ് വിവരം. മെറ്റ ഈ വർഷം മാത്രം എഐയിൽ 13500 കോടി (135 ബില്ല്യൺ) ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. 2028 ഓടെ അമേരിക്കൻ എഐ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 60,000 കോടി (600 ബില്ല്യൺ) നിക്ഷേപിക്കാനാണ് അവരുടെ പദ്ധതി. എഐയിൽ വൻ നിക്ഷേപം നടത്തുകയും തുടർന്ന് എഐ വന്നാൽ ആവശ്യമില്ലാതെ വരുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുമാണ് നീക്കം.

മെറ്റയുടെ പുനഃക്രമീകരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. സമീപ ആഴ്ചകളിൽ കമ്പനിയിലുടനീളം കോഡ് എഴുതാനും സങ്കീർണ്ണമായ ജോലികൾ സ്വതന്ത്രമായി ചെയ്യാനും കഴിവുള്ള ഓട്ടോണമസ് എഐ ഏജന്റുകളെ വിന്യസിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കമ്പനി അപ്ലൈഡ് എഐ ഓർഗനൈസേഷനായി ഇതിനകം മാറിയിട്ടുണ്ട്. ജനുവരിയിൽ മെറ്റ അതിന്റെ റിയാലിറ്റി ലാബ്‌സ് ഡിവിഷനിൽ നിന്ന് 1,000-ൽ അധികം പേരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ 8,000 -ത്തോളം പേരെ ബാധിക്കുന്ന ആദ്യഘട്ട പിരിച്ചുവിടൽ സമീപകാലത്ത് ഒറ്റത്തവണയായി നടത്തുന്ന ഏറ്റവും വലിയ ടെക് പിരിച്ചുവിടലുകളിൽ ഒന്നാണ്. ഇത് അവസാനത്തേതും ആയിരിക്കില്ല. 2026-ന്റെ രണ്ടാം പകുതിയിൽ മെറ്റ കൂടുതൽ പിരിച്ചുവിടലുകൾക്ക് പദ്ധതിയിടുന്നുണ്ട്.