ലോ‌സ് ആഞ്ജലിസ്: കുട്ടികളിൽ അമിതാസക്തിയുണ്ടാക്കുംവിധം സാമൂഹികമാധ്യമ ആപ്ലിക്കേഷനുകൾ രൂപകല്പന ചെയ്തെന്നാരോപിച്ച് ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യുറ്റ്യൂബിനുമെതിരേ കേസ്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ.

To advertise here,

കേസിൽ തിങ്കളാഴ്ച കാലിഫോർണിയയിലെ കോടതിയിൽ വിചാരണ ആരംഭിച്ചു. കുട്ടികളെ അടിമകളാക്കുന്നതിനായി ഇത്തരം ആപ്പുകൾ ബോധപൂർവം രൂപകല്പന ചെയ്തിട്ടുണ്ടോയെന്ന് കോടതി പരിശോധിക്കും. വിചാരണയ്ക്കായി അടുത്തയാഴ്ച മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗും ബുധനാഴ്ച ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേറിയും കോടതിയിൽ ഹാജരാകും. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ സാമൂഹികമാധ്യമപ്ലാറ്റ്‌ഫോമുകൾ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കേസിലെ ആരോപണം. കുട്ടിക്കാലം തൊട്ട് സാമൂഹികമാധ്യമങ്ങൾക്ക് അടിമയായി മാനസികാരോഗ്യം പാടേ തർന്ന കെയ്‌ലി എന്ന 20-കാരിയുടെ പേരിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

കുട്ടികളുടെ മസ്തിഷ്കത്തിൽ ലഹരികുത്തിനിറച്ച ചരിത്രത്തിലെ ഏറ്റവും സമ്പന്നരായ രണ്ട് കമ്പനികളെയാണ് ഈ കേസ് ലക്ഷ്യമിടുന്നതെന്ന് വാദിഭാഗം വക്കീൽ മാർക്ക് ലാനിയർ പറഞ്ഞു. ‘എബിസി കേസ്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. എ-അഡിക്‌ഷൻ(ആസക്തിയുണ്ടാക്കൽ), ബി-ബ്രെയിൻ(മസ്തിഷ്കം), സി-ചിൽഡ്രൻ(കുട്ടികൾ) എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആരോപണങ്ങൾ മെറ്റയുടെ അഭിഭാഷകൻ നിഷേധിച്ചു. കെയ്‌ലിക്ക് അനുകൂലവിധിയുണ്ടായാൽ ഭാവിയിൽ ഇത്തരം കേസുകൾക്കുള്ള നിയമപരമായ മാതൃകയായി അത് മാറിയേക്കും.