ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും വളർത്തുന്നതിലും മാനസികാവസ്ഥ തകർത്ത് അവരെ ആത്മഹത്യയിലേക്കും കുറ്റകൃത്യങ്ങളിലേക്കും എത്തിക്കുന്നതിലും സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ വിദേശരാജ്യങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി കടുത്ത നടപടികൾ മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്കെതിരെ സ്വീകരിച്ചുവരുന്നുണ്ട്. കുട്ടികളുടെ സുരക്ഷ, ഉപയോക്താക്കളുടെ സ്വകാര്യത ഉൾപ്പെടെയുള്ളവ ഗൗരവത്തോടെ കാണുന്ന ഭരണകൂടങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ കാണിക്കുന്ന ഗുരുതരമായ അലംഭാവത്തിന് കടുത്ത പിഴശിക്ഷകൾ നടപ്പാക്കിയിട്ടുമുണ്ട്. ഇക്കാരണത്താൽ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ വലിയ പ്രാധാന്യം കൊടുക്കാറുണ്ട്.

To advertise here,

എന്നാൽ, ഇന്ത്യയിൽ കാര്യങ്ങൾ നേരെ തിരിച്ചാണെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ ഉടമയായ മെറ്റ ഇന്ത്യയിൽ വിദ്വേഷ പ്രചാരണം ഉൾപ്പെടെയുള്ള ദോഷകരമായ ഉള്ളടക്കങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കാൻ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നത്. വിദ്വേഷ പ്രചാരണ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ആഗോള വിപണിയിൽ കാണിക്കുന്ന താത്പര്യവും പ്രാധാന്യവും മെറ്റ ഇന്ത്യയിൽ കാണിക്കുന്നില്ലെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ നിയമലംഘനങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ സ്വമേധയാ കണ്ടെത്തി നടപടിയെടുക്കുന്ന പ്രോ ആക്ടീവ് മോഡറേഷൻ നടപടികൾ, ആഗോളതലത്തെ അപേക്ഷിച്ച് ഇന്ത്യയിൽ വളരെ കുറവാണ്. ഉദാഹരണത്തിന്, 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വിദ്വേഷപ്രചാരണം നടത്തുന്ന പോസ്റ്റുകളിൽ ഇൻസ്റ്റഗ്രാമിൽ വെറും 30 ശതമാനം പോസ്റ്റുകൾക്കും ഫെയ്സ്ബുക്കിൽ 32.95 ശതമാനം പോസ്റ്റുകൾക്കും മാത്രമാണ് മെറ്റ സ്വമേധയാ നടപടിയെടുത്തത്. എന്നാൽ,  ഇതേ കാലയളവിൽ ആഗോളതലത്തിൽ ഇൻസ്റ്റഗ്രാമിൽ 83.9 ശതമാനം പോസ്റ്റുകൾക്കെതിരെയും ഫെയ്സ്ബുക്കിൽ 74 ശതമാനം പോസ്റ്റുകൾക്കെതിരെയും പ്രൊആക്ടീവായി മെറ്റ നടപടി സ്വീകരിച്ചിരുന്നു.

ആഗോളതലത്തിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയുള്ള പരിശോധനകൾക്കും നടപടികൾക്കും മെറ്റ പ്രാധാന്യം കൊടുക്കുമ്പോൾ, ഇന്ത്യയിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്താൽ മാത്രമേ നടപടിയെടുക്കുന്ന റിയാക്ടീവ് മോഡറേഷൻ രീതിയാണ് മെറ്റ സ്വീകരിക്കുന്നത്. വിദ്വേഷപ്രചാരണം (hate speech), ഭീഷണിപ്പെടുത്തൽ/ഉപദ്രവിക്കൽ, അക്രമം/പ്രകോപനം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യയിൽ മെറ്റ വീഴ്ച വരുത്തുന്നത്.

എന്നാൽ നഗ്നത, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഭീകരവാദം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ ഹാനികരമായ ഉള്ളടക്കങ്ങൾ ഇന്ത്യയിലും ആഗോളതലത്തിലും ഒരുപോലെ ഉയർന്ന തോതിൽ പ്രൊആക്ടീവായി തടയാൻ മെറ്റയ്ക്ക് സാധിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിൽ വിദ്വേഷപ്രചാരണം, ഉപദ്രവിക്കൽ, അക്രമപ്രേരണ എന്നിവയ്ക്കെതിരെയുള്ള നടപടികൾ 2025 ജൂലായ് മുതൽ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ വിദ്വേഷപ്രചാരണങ്ങൾക്കെതിരെയുള്ള പ്രൊആക്ടീവ് നടപടികൾ 2025 ജൂണിൽ 82.2 ശതമാനം ആയിരുന്നത് 2026 ജൂൺ ആയപ്പോഴേക്കും വെറും 22.3 ശതമാനം ആയി കുറഞ്ഞു. അതുപോലെ ഭീഷണിപ്പെടുത്തലിനെതിരെയുള്ള നടപടികൾ 85.8 ശതമാനത്തിൽനിന്ന് 32.5 ശതമാനം ആയും ഇടിഞ്ഞു. കൂടാതെ, 2026 മേയ് മാസത്തിൽ ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങൾക്കെതിരെ സ്വമേധയായുള്ള നടപടി വെറും എട്ട് ശതമാനത്തിലേക്ക് വരെ താഴ്ന്നുപോയിട്ടുണ്ട്.

വിദ്വേഷ പ്രചാരണ ഉള്ളടക്കങ്ങൾ കാരണം രാഷ്ട്രീയ സംഘർഷങ്ങളും, വർഗീയ കലാപങ്ങളും വരെ സംഭവിച്ചേക്കാം. രാജ്യത്ത് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യത്തിനും സാഹോദര്യത്തിനും വരെ അത് വലിയ ഭീഷണിയാണ്. എന്നാൽ സമൂഹത്തിൽ അകൽച്ച സൃഷ്ടിക്കാൻ ശ്രമിക്കുന്ന അത്തരം സോഷ്യൽ മീഡിയാ ഇടപെടലുകൾ നിയന്ത്രിക്കാൻ മെറ്റ ഇന്ത്യയിൽ വലിയ താത്പര്യം കാണിക്കുന്നില്ല. മെറ്റയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിൽ ആണെന്നിരിക്കെയാണ് ആഗോളതലത്തെ അപേക്ഷിച്ച് ഇവിടെ നിയമലംഘനങ്ങൾ തടയുന്നതിൽ ഇത്രയും വലിയ വീഴ്ചകൾ ഉണ്ടാകുന്നത്.