ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയെ വാസയോ​ഗ്യമാക്കുന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ​ഗ്രഹത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാൻ അന്റാർട്ടിക്കിലേതിന് സമാനമായ പായൽ അല്ലെങ്കിൽ ലൈക്കൺ പോലുള്ള സസ്യങ്ങളുടെ ഉപയോ​ഗവും ശാസ്ത്രജ്ഞർ നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ ഈ രീതിയിൽ ചൊവ്വയെ സജ്ജമാക്കാൻ ബുദ്ധിമുട്ടാണെന്നും ​ഗ്രഹത്തെ വാസയോ​ഗ്യമാക്കുന്നതിന് മറ്റൊരു രീതി നിർദേശിക്കുകയും ചെയ്ത് രം​ഗത്തെത്തിയിരിക്കുകയാണ് പോളിഷ് ശാസ്ത്രജ്ഞൻ ഡോ. ലെസ്സെക് ചെക്കോവ്സ്കി. 

To advertise here,

ഭാവിയിൽ ചൊവ്വയിൽ താമസിക്കുന്നവർ അവിടെ വിളകൾ നട്ടുപിടിപ്പിച്ചതുകൊണ്ട് മാത്രം അതിജീവിക്കില്ല എന്നാണ് ലെസ്സെക് പറയുന്നത്. മനുഷ്യർക്ക് ദോഷകരമായ പെർക്ലോറേറ്റുകളാൽ(perchlorates) നിറഞ്ഞിരിക്കുന്നതാണ് ചൊവ്വയിലെ മണ്ണ്. കൂടാതെ, ​ഗ്രഹത്തിൽ താഴ്ന്ന് നിൽക്കുന്ന അന്തരീക്ഷ മർദവും ​ചൊവ്വയെ വാസയോ​ഗ്യമല്ലാതെയാക്കുന്നു. ഒരു സ്പേസ് സ്യൂട്ട് ധരിക്കാത്ത പക്ഷം അവിടം അതിജീവിക്കാൻ മനുഷ്യനെക്കൊണ്ട് സാധിക്കില്ല. 

ഛിന്ന​ഗ്രഹങ്ങളെ ചൊവ്വയിലേക്ക് ഇടിപ്പിക്കുന്നതായിരിക്കും ​ഗ്രഹത്തെ വാസയോ​ഗ്യമാക്കുന്നതിന് കൂടുതൽ പ്രായോഗികമായ പരിഹാരം എന്നാണ് തന്റെ പ്രബന്ധത്തിൽ ഡോ. ലെസ്സെക് അഭിപ്രായപ്പെടുന്നത്. സൗരയൂഥത്തിലെ വിദൂരമേഖലയായ കിയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) എന്ന ഇരുണ്ട് തണുത്ത വിശാലതയിലുള്ള മരവിച്ച ഛിന്നഗ്രഹങ്ങൾ ചൊവ്വയിൽ ഒരു അന്തരീക്ഷം നിർമിക്കുന്നതിന് സഹായിച്ചേക്കാം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

നിലവിൽ കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞുനിൽക്കുന്ന ചൊവ്വയിലെ അന്തരീക്ഷത്തിൽ മനുഷ്യന് വസിക്കാനാവില്ല. എന്നാൽ, മരവിച്ച ഛിന്നഗ്രഹങ്ങൾ ഗ്രഹത്തിൽ ഇടിക്കുന്നതുവഴി ശ്വസിക്കാനാകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായകരമാകുന്ന വാതകങ്ങൾ അവ പുറന്തള്ളും. ഊർട്ട് ക്ലൗഡിൽ(സൂര്യനെയും ഗ്രഹങ്ങളെയും കിയ്പ്പര്‍ ബെല്‍റ്റ് വസ്തുക്കളെയും ചുറ്റിപ്പറ്റിയുള്ള ഒരു ഭീമൻ ഗോളാകൃതിയിലുള്ള ഷെല്ലാണ് ഊർട്ട് ക്ലൗഡ്) കോടിക്കണക്കിന് മഞ്ഞുമൂടിയ ഛിന്ന​ഗ്രഹങ്ങളുണ്ടെന്ന ബോധ്യം ലെസ്സെക്കിനുണ്ട്. 

എന്നാൽ, ഈ ലക്ഷ്യത്തോടെ ഊർട്ട് ക്ലൗഡിൽ നിന്ന് ഒരു ഛിന്നഗ്രഹം ചൊവ്വയിലേക്കെത്തിക്കുന്നത് നിലവിലെ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് 5,000 വർഷങ്ങളെങ്കിലും എടുക്കും. അതിനാൽ, തന്നെ ഈ ആശയം എത്രത്തോളം പ്രായോ​ഗികമാണ് എന്നത് ഇനിയും ശാസ്ത്രലോകം പഠിക്കേണ്ടതുണ്ട്. അതേസമയം, വിദൂര ഭാവിയിൽ ചൊവ്വയെ വാസയോ​ഗ്യമാക്കി മാറ്റുന്നതിനുള്ള ഒരു വഴിയായി ഇദ്ദേഹത്തിന്റെ പഠനം പരി​ഗണിക്കാവുന്നതാണ്.