അതിവേഗം നിര്‍മിക്കാവുന്നതും ഭാരംകുറഞ്ഞതുമായ ബുള്ളറ്റ് പ്രൂഫ് സൈനിക ബങ്കറെന്ന ആശയം ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ അവതരിപ്പിച്ച് കോഴിക്കോട് നന്മണ്ട 12-ലെ തയ്യുള്ളതില്‍ വീട്ടില്‍ മേജര്‍ സുധീഷ്. 

To advertise here,

ഇന്ത്യന്‍ കരസേന രാജ്യാന്തരതലത്തില്‍ നടത്തുന്ന 'ഇന്നോ യോദ്ധ'യുടെ പ്രദര്‍ശനത്തിലാണിത് അവതരിപ്പിച്ചത്. കഴിഞ്ഞദിവസം നാട്ടിലെത്തിയ മേജര്‍ സുധീഷ് ഇതിന്റെ പ്രത്യേകതകള്‍ 'മാതൃഭൂമി'യുമായി പങ്കുവെച്ചു.

കരസേനയുടെ ഭാവിസാധ്യതകളായിരുന്നു പ്രദര്‍ശനത്തിലെ വിഷയം. നിയന്ത്രണരേഖയിലും സുപ്രധാന അതിര്‍ത്തിമേഖലകളിലും വിന്യസിക്കപ്പെടുന്ന സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് സുരക്ഷിതത്വം നല്‍കുന്ന ബങ്കറാണിത്. 

പുതിയ ബുള്ളറ്റ് ഇന്റര്‍ലോക്കിങ് റുബിക് ബ്ലോക്‌സ് ഉപയോഗിച്ചാണ് നിര്‍മാണം. പോളിമര്‍ കോണ്‍ക്രീറ്റ്, മെറ്റല്‍ ഫൈബര്‍, ഗ്‌ളാസ് ഫൈബര്‍, കാര്‍ബണ്‍ ഫൈബര്‍ എന്നിവയാണ് പ്രധാനഘടകങ്ങള്‍. 17 കിലോ മാത്രമാണ് ഭാരം. കനം കുറവുള്ളതുകാരണം ഇവ ഏത് പ്രതികൂലമേഖലയിലും അനായാസേന എത്തിക്കാം. മൂന്നുദിവസംകൊണ്ട് നിര്‍മിക്കാം. ശൈത്യകാലത്തുള്‍പ്പെടെ ഏത് കാലാവസ്ഥയിലും നിര്‍മിക്കാമെന്നുമാത്രമല്ല മനുഷ്യാധ്വാനവും കുറവാണ്. 

20 വര്‍ഷമായി മേജര്‍ സുധീഷ് ഇന്ത്യന്‍ കരസേനയില്‍ സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ദൃശ്യ. യദുകൃഷ്ണ, തീര്‍ഥ എന്നിവരാണ് മക്കള്‍.