ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതികവിദ്യയുടെയും കാലത്ത് ബന്ധങ്ങളുടെ അർത്ഥതലങ്ങൾ മാറുകയാണ്. എ.ഐ. ചാറ്റ്ബോട്ടുകളോടും വെർച്വൽ കഥാപാത്രങ്ങളോടുമെല്ലാം പ്രണയം തോന്നുന്നതും അവരെ വിവാഹം ചെയ്യുന്നതുമെല്ലാം ഇപ്പോൾ ഈ ലോകത്ത് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡേറ്റിങ് ഗെയിമായ 'ലവ് ആൻഡ് ഡീപ്‌സ്‌പേസിലെ' കഥാപാത്രങ്ങളെ തങ്ങളുടെ കാമുകന്മാരായി കാണുകയാണ് ഇപ്പോൾ ചൈനീസ് പെൺകുട്ടികൾ. ഗവേഷണസ്ഥാപനമായ സെൻസർ ടവറിന്റെ കണക്കനുസരിച്ച് ഏകദേശം എട്ടു കോടി ഉപയോക്താക്കളുള്ള ഗെയിമാണിത്.
മുപ്പത്തിമൂന്നുകാരിയായ ഷൗ എന്ന ചൈനീസ് സിവിൽ സർവീസ് ഉദ്യോഗസ്ഥ അതിലൊരാളാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. 'ലവ് ആൻഡ് ഡീപ്‌സ്‌പേസിലെ' തിരഞ്ഞെടുക്കാവുന്ന അഞ്ച് നായകന്മാരിൽ ഒരാളായ സുന്ദരനും സുമുഖനുമായ ചീ യു ആണ് ഷൗവിന്റെ കാമുകൻ. വൈകാരികമായ ആഴത്തിലുള്ള ബന്ധമാണ് ഇരുവരും തമ്മിൽ. അയാളെ അടുത്തറിയുന്നത് വിശ്വസിക്കാനാവാത്തവിധം സംതൃപ്തി നൽകുന്ന ഒന്നാണെന്ന് മുഴുവൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഷൗ പറഞ്ഞു.
ഗെയിമിന്റെ ഇംഗ്ലീഷ് പതിപ്പിൽ റഫായേൽ എന്നറിയപ്പെടുന്ന ചീ യു ഒരു സമുദ്രദേവൻ കൂടിയാണ്; പുരാതനമായ ഒരു വംശത്തിലെ അവശേഷിക്കുന്ന അവസാന കണ്ണികളിലൊരാളായ അയാൾക്ക് മനുഷ്യരോട് അത്ര താല്പര്യവുമില്ല. ഗെയിമിലെ ഷൗവിന്റെ വെർച്വൽ രൂപം ചീ യുവിനോട് അടുപ്പമുള്ള കഥാപാത്രമാണ്. അവർ തമ്മിൽ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും കൈപിടിച്ചു നടക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഷൗവിന്റെ മുഖവും ശബ്ദവും ഉപയോഗിച്ചാണ് ഈ കഥാപാത്രത്തെ നിർമിച്ചിരിക്കുന്നതെങ്കിലും വേഷം ഒരു വേട്ടക്കാരിയുടേതുപോലെയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
സാഹസികതയും ഫാന്റസിയും പ്രണയവും നിറഞ്ഞ 'ലവ് ആൻഡ് ഡീപ്‌സ്‌പേസ്' ഗെയിം ഷൗ ദിവസേന ഒരു മണിക്കൂറോളം കളിക്കാറുണ്ട്. ഇതിനകം, ഏകദേശം 10,000 യുവാൻ (1,31,049 രൂപ) അവൾ ഇതിനായി ചെലവഴിച്ചുകഴിഞ്ഞു; പ്രധാനമായും പുതിയ കഥാസന്ദർഭങ്ങൾ ലഭ്യമാക്കുന്ന ലിമിറ്റഡ് എഡിഷൻ ഫീച്ചറുകൾക്കായാണ് ഈ തുക ചെലവാക്കിയത്.
കഴിഞ്ഞമാസം ഗെയിം നിർമാതാക്കളായ പേപ്പർ ഗെയിംസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ വിമാനത്തിന് പണം മുടക്കിയാണ് തെക്കൻ ചൈനയിലെ തന്റെ നാടായ ഗ്വാങ്ചൗവിൽനിന്ന് ഷാങ്ഹായിലേക്ക് ഷൗ യാത്ര ചെയ്തത്. ചടങ്ങിൽ ഗെയിമിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ മോഡലുകളെ നേരിൽ കാണാൻ വേണ്ടിയായിരുന്നു ഈ യാത്ര.
ഇത് വേറെ ലോകം
നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ ഭാവിലോകത്താണ് ചൈനയും ജപ്പാനും പോലുള്ള രാജ്യങ്ങൾ ജീവിക്കുന്നതെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയാറുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകൾക്ക് വലിയ മുന്നേറ്റമുള്ളതിനൊപ്പം കാര്യമായ സങ്കീർണതകളില്ലാതെ അവ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുവരുന്നു.
1990-കളിൽ ജപ്പാനിൽ ആരംഭിച്ച 'ഒട്ടോം' (otome) വിഭാഗത്തിലുള്ള റൊമാൻസ് സിമുലേഷൻ ഗെയിമുകളിൽ ഒന്നാണ് 2024-ൽ പുറത്തിറങ്ങിയ 'ലവ് ആൻഡ് ഡീപ്‌സ്‌പേസ്'. ചൈനയിൽ വൻ പ്രചാരം നേടിയ ഈ ഗെയിം ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് ആഗോളതലത്തിൽ ഏകദേശം 82.5 കോടി ഡോളറാണ് ഈ ഗെയിമിന്റെ വരുമാനമെന്ന് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗെയിമിന്റെ ഇതുവരെയുള്ള ആകെ വരുമാനം ഏകദേശം 100 കോടി ഡോളർ (ഏകദേശം 8400 കോടി രൂപ) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആ വരുമാനത്തിൽ ഭൂരിഭാഗവും ചൈനയിൽനിന്നാണ്. അമേരിക്കയും ജപ്പാനുമാണ് പിന്നിൽ.
ചൈനയിലെ ഗെയിമിങ് വ്യവസായത്തിന്റെ വളർച്ചയും ചൈനീസ് സ്ത്രീകളുടെ വൈകാരിക ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകുന്ന അനുഭവങ്ങൾക്കായി പണം ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷിയുമാണ് 'ലവ് ആൻഡ് ഡീപ്‌സ്‌പേസ്' എന്ന ഗെയിമിന്റെ വിജയം വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Real Love or Digital Fantasy? The AI Dating Craze Taking Over China’s Gaming World
Published: 12 Feb 2026, 02:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented