കൊച്ചി: കൊച്ചി ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 ൽ പങ്കെടുത്ത് വിവിധ രാഷ്ട്രീയ നേതാക്കൾ. സർവ്വകലാശാലയുടെ പ്രധാന കാമ്പസിലെത്തിയ കൃഷി മന്ത്രി പി പ്രസാദ് മാവിൻ തൈ നട്ട് ഉച്ചകോടിയിൽ പങ്കാളിയായി. 'ഭാവിയുടെ പ്രകൃതി' എന്ന വിഷയത്തിലൂന്നിയായിരുന്നു വെള്ളിയാഴ്ചത്തെ ചർച്ച. 17 സെഷനുകളിലായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖർ പങ്കെടുത്തു. 

To advertise here,

മാത്യു കുഴൽനാടൻ എം.എൽ.എ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യു.പ്രതിഭ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, എസ്.ആർ.ലാൽ, ദയാ ബായി, കെ.എസ്. അരുൺ കുമാർ, കെ.എസ്. ശബരീനാഥൻ, എം.ടി.രമേശ്, ഷിബു ബേബി ജോൺ, സന്ദീപ് വാര്യർ, ഷോൺ ജോർജ്ജ്, ജെയ്ക്ക്.സി.തോമസ്, തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരായ എ.അയ്യപ്പദാസ്, അഭിലാഷ് മോഹൻ, കെ.ആർ. ഗോപീകൃഷ്ണൻ തുടങ്ങിയവരും വിവിധ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. 

രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. 2050-ൽ നിലവിൽ ഉത്പാദിപ്പിക്കുന്നതിനെക്കാളും 60 ശതമാനം കൂടുതൽ ഭക്ഷ്യ ഉത്പന്നങ്ങൾ വേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൃഷി ഒരു ജീവിത രീതിയാണ്, ചെറുപ്പകാലം മുതൽ കൃഷി ഇഷ്ടപ്പെട്ട താൻ മധ്യപ്രദേശിൽ കർഷകർക്കൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് യഥാർത്ഥ കർഷകയായതെന്ന് ദയാബായി പറഞ്ഞു. 

കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് ഉച്ചകോടിയിൽ ചർച്ചയായി. "കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതാണ്. കേരളം കുടിയേറ്റക്കാരോട് നന്ദി പറയണം. ഇന്ന് നാം സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് മലയാളികൾ തൊഴിലിനായി വിദേശത്തേക്ക് കുടിയേറിയതുകൊണ്ടാണ്. ധാരാളം ആളുകൾ കുടിയേറിയതുകൊണ്ടാണ് മധ്യവർ​ഗം സാമ്പത്തികമായി ശക്തി പ്രാപിച്ചത്." കെ.എസ്.ശബരീനാഥൻ പറഞ്ഞു. 

"ഇവിടെ നിന്നും കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളിൽ പലരും അവിടെ കടക്കാരാകുകയാണ്. നമ്മുടെ നാട്ടിൽ മികച്ച ശമ്പളം കിട്ടുന്ന തൊഴിൽ ലഭ്യമാക്കണം. ചെറുപ്പക്കാരെ ഇവിടെ പിടിച്ചുനി‍ർത്താൻ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങൾക്കു വേണ്ടി ചെലവഴിക്കട്ടെ." ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ഗവേഷകർ, പൊതുജനങ്ങൾ, തുടങ്ങിയവർ രാഷ്ട്രീയ നേതാക്കളുമായി സംവദിച്ചു. റിബിൻ റിച്ചാർഡ്, സ്ട്രീറ്റ് അക്കാദമിക്സ്, എം.സി കൂപ്പർ തുടങ്ങിയവർ അവതരിപ്പിച്ച സംഗീത നിശയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.