കൊച്ചി: ബിസിനസ്സ് എന്നത് കേവലം പണമുണ്ടാക്കാനുള്ള മാർഗമല്ല, മറിച്ച് കൃത്യമായ ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും കെട്ടിപ്പടുക്കേണ്ട ഒന്നാണെന്ന് പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസ്.
ജയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച 'സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ' തന്റെ ആത്മകഥയായ 'സ്‌പ്രെഡിങ് ജോയ്' എന്ന പുസ്തകത്തെക്കുറിച്ച് വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബ ബിസിനസ്സിൽ നിന്ന് ആഗോള കോർപ്പറേറ്റ് സ്ഥാപനമായി മാറാൻ തന്നെ സഹായിച്ചത് ബിസിനസിൽ പുലർത്തിയ അച്ചടക്കവും സുതാര്യതയുമാണെന്ന് അദ്ദേഹം പറഞ്ഞു. 1991-ൽ തന്നെ ബിസിനസ്സിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കി സുതാര്യത ഉറപ്പാക്കിയത് ബാങ്കുകളുടെ വിശ്വാസം നേടിയെടുക്കാൻ സഹായകമായി.
സ്ഥാപനത്തിന്റെ വളർച്ചയിൽ ജീവനക്കാരുടെ പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. 11,000-ത്തിലധികം വരുന്ന തന്റെ ജീവനക്കാരുടെ ക്ഷേമത്തിന് താൻ മുൻഗണന നൽകുന്നുണ്ടെന്നും 20 വർഷത്തിലധികമായി കൂടെയുള്ള 382 ജീവനക്കാരെ ആദരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലത്തെ സംരംഭകർക്ക് മുന്നിൽ ലോകം തന്നെ ഒരു വലിയ വിപണിയായി തുറന്നുകിടക്കുകയാണ്. ആ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുവാക്കൾക്ക് സാധിക്കണം. മാർക്കറ്റിങ്ങിനായി നവമാധ്യമ മാർക്കറ്റിങ്ങ് രീതികളും സ്വീകരിക്കണം.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും, നിലവിലെ വിലക്കുറവിന് പിന്നിലും ഇത്തരം ഘടകങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. സമ്പന്നതയിൽ ഒന്നാമൻ തുടങ്ങിയ പട്ടങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും, തന്റെ വിജയം മറ്റുള്ളവർക്ക് എത്രത്തോളം പ്രയോജനപ്പെടുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി
Content Highlights: Joy Alukkas shares his business philosophy, emphasizing discipline, transparency, and employee welfare.
Published: 31 Jan 2026, 08:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented