ന്യൂഡൽഹി: നിർമിതബുദ്ധിയുടെ സാധ്യതകൾ തുറന്നുകാട്ടുന്ന ഇന്ത്യ എ.ഐ. ഉച്ചകോടിയിലെ പ്രദർശനത്തിൽ താരങ്ങളായി കേരളത്തിൽനിന്നുള്ള റോബോട്ടുകൾ. എണ്ണപ്പാടങ്ങളിലും ഖനികളിലുമുൾപ്പെടെ കടന്നുചെന്ന് എല്ലാം 'കണ്ടറിഞ്ഞു' ചെയ്യുന്നതാണ് നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ. എ.ഐ. ഉച്ചകോടിയും എക്‌സ്പോയും നടക്കുന്ന ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ മലയാളികൾ സൃഷ്ടിച്ച റോബോട്ടുകൾക്ക് സന്ദർശകരേറെ.

To advertise here,

ഇടപ്പള്ളിയിലെ ഐ ഹബ്ബ് റോബോട്ടിക്‌സ് എന്ന സ്ഥാപനം അവതരിപ്പിച്ച ദക്ഷ ജനറേഷൻ ടു റോബോട്ടും ഏണെസ്റ്റ് ആൻഡ് യങ്(ഇ.വൈ.) എന്ന സ്ഥാപനത്തിലെ മലയാളി എൻജിനിയർമാർ തയ്യാറാക്കിയ സ്‌കൗട്ടുമെല്ലാം എക്‌സ്പോയിൽ ശ്രദ്ധനേടി. കട്ടിങ്, വെൽഡിങ് തുടങ്ങി വിവിധ വ്യാവസായികാവശ്യത്തിനാണ് ദക്ഷയെങ്കിൽ മനുഷ്യർക്കെത്താനാവാത്ത ദുർഘടമേഖലകളിൽപ്പോലും കടന്നുചെന്ന് വിവരശേഖരണമാണ് സ്‌കൗട്ടിന്റെ ദൗത്യം.

ആദിൽ കൃഷ്ണ, അഖിൽ കെ. ഹരിദാസൻ, എസ്. ശരത് എന്നിവരുടെ നേതൃത്വത്തിൽ 2022-ൽ തുടങ്ങിയ ഐ ഹബ്ബ് റോബോട്ടിക്‌സിന്റെ 65 അംഗ ടീമാണ് ദക്ഷ നിർമിച്ചത്. ഐ ഹബ്ബിന്റെ താരാ ജനറേഷൻ റോബോട്ടുകൾ യു.എ.ഇ. സർക്കാർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹ്യൂമനോയ്ഡ് റോബോട്ട് നിർമാണ ഫാക്ടറി അടുത്തമാസം ഐ ഹബ്ബ് കളമശ്ശേരിയിൽ തുടങ്ങും.

 

ദുർഘടമേഖലയിലെ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്ന ഇ.വൈ.യുടെ സ്‌കൗട്ട് ഓരോ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തയ്യാറാക്കാമെന്ന് ഇ.വൈ.യിലെ റോബോട്ടിക് ആൻഡ് ഫിസിക്കൽ എ.ഐ. എൻജിനിയർമാരായ വി. അരുൺ കുമാറും സുബ്രഹ്‌മണ്യൻ ഗണേഷും പറഞ്ഞു.

എഐ; രണ്ട് വർഷത്തിനുള്ളിൽ രാജ്യം പ്രതീക്ഷിക്കുന്നത് 18.13 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ.) രംഗത്ത് അടുത്ത രണ്ടുവർഷത്തിനുള്ളിൽ 20,000 കോടി ഡോളറിന്റെ (18.13 ലക്ഷം കോടി രൂപ) നിക്ഷേപം പ്രതീക്ഷിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യവികസനത്തിനു പുറമേ ഡീപ് ടെക് സ്റ്റാർട്ടപ്പുകളിലും കൂടുതൽ നിക്ഷേപങ്ങൾ വരുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡൽഹിയിൽ ഇന്ത്യ എ.ഐ. ഇംപാക്ട് ഉച്ചകോടിയുടെ രണ്ടാംദിവസം ഭാരതമണ്ഡപത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഇന്ത്യ എ.ഐ. മിഷൻ 2.0 വൈകാതെ ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.