തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് കെ ഫോണ്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കേബിളുകള്‍ക്കായുള്ള കരാര്‍ നല്‍കിയത് എന്ന് പദ്ധതി നടത്തിപ്പുകാരായ കെഎസ്‌ഐടിഐഎല്‍. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കെഎസ്‌ഐടിഐഎല്‍ എംഡി സന്തോഷ് ബാബു ഐഎഎസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

To advertise here,

ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് കേബിളിന്റെ ഒപ്റ്റിക്കല്‍ യൂണിറ്റ് പൂര്‍ണമായും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെന്‍ഡര്‍ വ്യവസ്ഥയുടെ ലംഘനമാണെന്നും കണ്ടെത്തിയത്. 

എന്നാല്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍  നിന്ന് സബ് കമ്പോണന്റുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉത്തരവ് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ഈ ഇടപാടുകള്‍ നടന്നത്. അതിനാല്‍ വിശദമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. അവയെല്ലാം ഉള്‍പ്പെടുത്തി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.