ജിയോഹോട്സ്റ്റാർ ഡൊമൈനുമായി ബന്ധപ്പട്ട വിഷയത്തിൽ പുതിയ ട്വിസ്റ്റ്. ജിയോഹോട്സ്റ്റാർ ഡോട്ട് കോം എന്ന ഡൊമൈൻ സ്വന്തമാക്കി എന്നവകാശപ്പെട്ട് ഡൽഹിയിൽ നിന്നുള്ള വെബ് ഡവലപ്പർ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത് രണ്ടു കുട്ടികളാണ്. ദുബായിലെ സഹോദരങ്ങൾ ഈ ഡൊമൈൻ സ്വന്തമാക്കിയതായാണ് വിവരം.

To advertise here,

ലയിച്ച് ഒറ്റ കമ്പനിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളായ വിയാകോം 18 ഉം സ്റ്റാര്‍ ഇന്ത്യയും. ഇതറിഞ്ഞ ഡൽഹിയിലുള്ള അഞ്ജാത ടെക്കിയാണ് ഒരുമുഴം മുമ്പേ എറിഞ്ഞത്. ഇരു കമ്പനികളും പരസ്പരം ചേരുമ്പോൾ jiohotstar.com എന്ന ഡൊമൈനായിരിക്കും ഉപയോഗിക്കുക എന്ന് മനസ്സിലാക്കി നേരത്തെ തന്നെ ഇത് വാങ്ങിവെക്കുകയായിരുന്നു. തുടർന്ന് റിലയൻസുമായി വിലപേശലും നടത്തിയിരുന്നു. ഒരു കോടി രൂപ തന്നാൽ ഡൊമൈൻ തിരികെ നൽകാം എന്നായിരുന്നു ഡവലപ്പർ പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതിൽ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. 

ഇപ്പോൾ jiohotstar.com എന്ന വെബ്പേജിൽ ചെല്ലുമ്പോൾ സ്വാഗതം ചെയ്യുന്നത് രണ്ടു കുട്ടികളാണ്. ജൈനംജൈവികാഫൺടൈം ഡോട്ട് കോം എന്ന പേജിൽ പറയുന്നത് പ്രകാരം, ദുബായിലാണ് ഇരുവരും താമസിക്കുന്നത്. പതിമൂന്നുകാരൻ ജൈനം, പത്തുവയസുകാരി ജിവിക എന്നീ രണ്ടു സഹോദരങ്ങളുടെ വീഡിയോകളും സന്ദേശങ്ങളും പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്നുള്ള സന്ദേശമെന്നോണം ഒരു കത്തും ഇവർ പങ്കുവെച്ചിട്ടുണ്ട്. 

ഡൽഹിയിൽ നിന്നുള്ള യുവ സോഫ്റ്റ്‌വെയര്‍ ഡവലപ്പറെ പിന്തുണയ്ക്കാൻ തങ്ങൾ ജിയോഹോട്സ്റ്റാർ ഡൊമൈൻ വാങ്ങി എന്നാണ് ഇരുവരുടേയും അവകാശവാദം.

തങ്ങൾ കുട്ടികളാണെങ്കിലും കരുണയും നല്ല കാര്യങ്ങളും പങ്കുവെക്കുന്നതിന് പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് ഇരുവരും കത്തിൽ പറയുന്നു. വിവിധ കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ ബന്ധിപ്പിച്ച് വലിയ സ്വപ്നങ്ങൾ കാണാനും ലക്ഷ്യബോധത്തിലേക്കെത്തിക്കാനും വേണ്ടിയുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഈ വൈബ്സറ്റിൽ കൂടി ഞങ്ങളുടെ ഓർമ്മകൾ ഫോട്ടോകളായും വീഡിയോകളായും സ്റ്റോറികളായും പങ്കുവെക്കാനുള്ളതാണെന്നും ഇരുവരും കത്തിൽ കൂട്ടിച്ചേർത്തു.