വിവാദങ്ങൾ വിട്ടൊഴിയാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം. ട്രംപ് മടങ്ങിയതിന് തൊട്ടുപിന്നാലെ യു.എസ് ചിപ്പ് നിർമാണക്കമ്പനി എൻവിഡിയയെ ചൈന കരിമ്പട്ടികയിൽപ്പെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. എൻവിഡിയ സിഇഓ ജെൻസൻ ഹുവാങ്ങ് അടക്കമുള്ളവർ ചൈന സന്ദർശിച്ച ട്രംപിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സന്ദർശനത്തിന് തൊട്ടുപിന്നാലെ ഹുവാങ്ങിന്റെ കമ്പനിക്ക് ചൈനയുടെ നടപടി നേരിടേണ്ടിവന്നു.

To advertise here,

യു.എസ് ടെക് കമ്പനികളുമായി ബന്ധപ്പെട്ട മറ്റൊരു വിവാദമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സന്ദർശനത്തിനിടെ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിനെ നിരീക്ഷിക്കാൻ ഒരു സൈനിക ഉദ്യോഗസ്ഥയെ ചൈന നിയോഗിച്ചിരുന്നു എന്നാണ് പുതിയ ആരോപണം.

ബ്ലോഗറായ ജെന്നിഫർ സെങ്ങാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ബെയ്ജിങ്ങിൽ സംഘടിപ്പിച്ച ഔദ്യോഗിക വിരുന്ന് സത്കാാരത്തിനിടെ ടെക് ശതകോടീശ്വരനായ ഇലോൺ മസ്‌കിന് തൊട്ടുപിന്നിൽ സഹായിയായി നിന്ന വനിത നിരവധി ബഹുമതികൾ നേടിയ ഒരു ചൈനീസ് സൈനിക ഉദ്യോഗസ്ഥയാണെന്ന് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു. ഈ ആരോപണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചൈനീസ് ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ഈ ആരോപണം ചൈനയുടെ രീതികളുമായി യോജിക്കുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഔദ്യോഗിക വിരുന്ന സത്കാരത്തിൽനിന്നുള്ള രണ്ട് ചിത്രങ്ങൾ ബ്ലോഗർ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് സോഷ്യൽ മീഡിയയിൽ അതേ സ്ത്രീയുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു. മസ്‌കിന് പിന്നിൽ നിന്ന സഹായി ചൈനയുടെ സൈനിക ചടങ്ങുകൾക്കുള്ള കൈപ്പുസ്തകങ്ങൾ തയ്യാറാക്കാൻ സഹായിച്ച മേജർ ചെങ് ചെങ് ആയിരുന്നു എന്നാണ് അവരുടെ ആരോപണം.

പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖർക്കെതിരെ രഹസ്യ നിരീക്ഷകരെ വിന്യസിക്കുന്നതിൽ ചൈനയ്ക്ക് രേഖപ്പെടുത്തിയ ചരിത്രമുണ്ടെന്ന് സുരക്ഷാ വിദഗ്ധർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശ ടെക് കമ്പനികളുടെ മേധാവികൾ ചൈനീസ് വിപണികളിലേക്ക് നേരിട്ടുള്ള പ്രവേശനം ആവശ്യപ്പെടുന്നത് തുടരുന്നതിനാൽ ബെയ്ജിങ് സംഘടിപ്പിക്കുന്ന വിരുന്ന് സത്കാരങ്ങൾക്ക് മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളുണ്ടാകാമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ, ബ്ലോഗറായ സെങ് ബെയ്ജിങ്ങിനെതിരെ ചാരവൃത്തി ആരോപിക്കുന്നത് ഇതാദ്യമല്ല. 2023-ൽ, കാനഡയിൽ ഖലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് (സി.സി.പി.) പങ്കുണ്ടെന്ന് അവർ ആരോപിച്ചിരുന്നു. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കുക' എന്നതായിരുന്നു ചൈനയുടെ 'ലക്ഷ്യം എന്നായിരുന്നു അവരുടെ ആരോപണം.