
ബെംഗളൂരു: സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരു ഇന്റർ നാഷണൽ എക്‌സിബിഷൻ സെന്ററിൽ ഗൂഗിൾ ഐ.ഒ. (ഇൻപുട്ട്-ഔട്ട്പുട്ട്) കണക്ട് ഇന്ത്യ- 2026 സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശിവകുമാർ പ്രഖ്യാപനം നടത്തിയത്. സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ബിഡദിയിൽ വരുന്ന സ്മാർട്ട് സിറ്റിയിലാണ് സർവകലാശാല സ്ഥാപിക്കുകയെന്നാണ് സൂചന. അതേസമയം, സർവകലാശാലയുടെ ആസ്ഥാനം എവിടെയാണെന്ന് ശിവകുമാർ പറഞ്ഞില്ല. ബെംഗളൂരുവിലെ 100 ഏക്കർ കാമ്പസ് സർവകലാശാലയ്ക്കുണ്ടാകുമെന്ന് അറിയിച്ചു. കലബുറഗി, ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ സർവകലാശാലയ്ക്ക് പ്രാദേശിക കേന്ദ്രങ്ങളുണ്ടാകും. ഐ.ഐ. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഇനവേഷന്റെയും സംരംഭകത്വത്തിന്റെയും സെന്റർ ഓഫ് എക്‌സലൻസായിരിക്കും ഈ ലോകോത്തര കാമ്പസെന്ന് ശിവകുമാർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എ.ഐ. നഗരങ്ങളിലൊന്നായും ഇന്ത്യയിലെ 40 ശതമാനം യൂണികോൺ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും ബെംഗളൂരു മാറിയതായി ശിവകുമാർ പറഞ്ഞു. കർണാടകത്തിന്റെ കഴിവും ഇനവേഷൻ ആവാസവ്യവസ്ഥയും സംരംഭകത്വ മനോഭാവവും ഇത് അടയാളപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി. കർണാടകത്തെ ഇന്ത്യയുടെ എ.ഐ. തലസ്ഥാനമായി മാറ്റുകയെന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. കർണാടകത്തെ ഗൂഗിളിന്റെ ഏറ്റവും വലിയ ലബോറട്രിയാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് അറിയിച്ചശേഷം ജയ് ഹിന്ദിനും ജയ് കർണാടകയ്ക്കുമൊപ്പം ജയ് ഗൂഗിൾ എന്നും പറഞ്ഞാണ് ശിവകുമാർ പ്രസംഗം അവസാനിപ്പിച്ചത്.
ബിഡദി സ്മാർട്ട് സിറ്റിക്കെതിരേ പ്രദേശത്തെ കർഷകർ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്രാപിക്കുന്നതിനിടെയിലാണ് സർവകലാശാലയുടെ പ്രഖ്യാപനം ശിവകുമാർ നടത്തിയത്. പദ്ധതിക്കായി ഏക്കർകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലാണ് പ്രതിഷേധം.
Content Highlights: india first government ai university, karnataka artificial intelligence university, dk shivakumar google io connect 2026, bidadi smart city ai university campus, karnataka ai capital india, bangalore tech news
Published: 15 Jul 2026, 08:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented