പായ്ക്കിങ്ങിന് ഉപയോഗിക്കുന്ന പരമ്പരാഗത പ്ലാസ്റ്റിക് ഫോമുകള്‍ക്ക് സുസ്ഥിര ബദലാകാന്‍ സാധ്യതയുള്ള കണ്ടെത്തലുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍.  കാര്‍ഷികാവശിഷ്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് മെറ്റീരിയലാണ് അവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. കാര്‍ഷിക, കടലാസ് മാലിന്യങ്ങളില്‍ വളര്‍ത്തിയ മൈസീലിയം അടിസ്ഥാനമാക്കിയുള്ള ബയോകോമ്പോസിറ്റുകള്‍ ജൈവവിഘടനയും മികച്ച ഗുണമേന്മയും നല്‍കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണം, കാര്‍ഷികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കല്‍ എന്നീ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് കണ്ടെത്തല്‍.

To advertise here,

കാര്‍ഷികാവശിഷ്ടങ്ങളെ ഉയര്‍ന്ന കരുത്തും ജൈവവിഘടന ശേഷിയുമുള്ള പാക്കേജിംഗ് സാമഗ്രികളാക്കി മാറ്റുന്നതിലൂടെ നിലവില്‍ പ്രതിവര്‍ഷം 4 ദശലക്ഷം ടണ്ണിലധികം വരുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ഓരോ വര്‍ഷവും ഉണ്ടാകുന്ന 350 ദശലക്ഷം ടണ്‍ കാര്‍ഷിക മാലിന്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സാധിക്കും. ഇതിനായി ഗവേഷകര്‍ നേച്ചര്‍ വര്‍ക്ക്‌സ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യ ഗവേഷകനും ഐഐടി മദ്രാസ് അധ്യാപകനുമായ ഡോ. ലക്ഷ്മീനാഥ് കുന്ദനതിയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് നൂതന ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വാണിജ്യവല്‍ക്കരിക്കുക, സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുക, ലൈസന്‍സിംഗ് കരാറുകള്‍ തേടുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

പിയര്‍-റിവ്യൂഡ് ജേണലായ 'ബയോറിസോഴ്‌സ് ടെക്‌നോളജി റിപ്പോര്‍ട്ട്‌സില്‍' ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷക വിദ്യാര്‍ഥികളായ സാന്ദ്ര റോസ് ബിബി, വിവേക് സുരേന്ദ്രന്‍ എന്നിവര്‍ ഡോ. കുന്ദനതിയോടൊപ്പം ചേര്‍ന്നാണ് ഈ ഗവേഷണ പ്രബന്ധം രചിച്ചത്. ഐഐടി മദ്രാസിന്റെ എന്‍.എഫ്.ഐ.ജി (ന്യൂ ഫാക്കല്‍റ്റി ഇനീഷ്യേഷന്‍ ഗ്രാന്‍ഡ്), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയാണ് ഇതിന് ധനസഹായം നല്‍കിയത്.

ജല പ്രതിരോധം, ജൈവവിഘടന ശേഷി എന്നിവ ലബോറട്ടറി പരീക്ഷണത്തില്‍ തെളിയിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ എത്തിക്കുന്നതിലൂടെ ഹാനികരമായ പ്ലാസ്റ്റിക്കുകള്‍ക്ക് പകരമാകുന്ന താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദപരവുമായ പാക്കേജിംഗ് മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. താപ, ശബ്ദ ഇന്‍സുലേഷന്‍ സാമഗ്രികള്‍ പോലുള്ള മറ്റ് എഞ്ചിനീയറിംഗ് ആവശ്യങ്ങള്‍ക്കായും ഈ കോമ്പോസിറ്റുകളെ കൂടുതല്‍ പരിഷ്‌കരിക്കാനാകും. മൈസീലിയം അടിസ്ഥാനമാക്കിയുള്ള ബയോകോമ്പോസിറ്റുകള്‍ ഉപയോഗിക്കുന്നത് പായ്ക്കിങ് വസ്തുക്കളുടെ ഭാരം ഗണ്യമായി കുറയ്ക്കും. മൈക്രോപ്ലാസ്റ്റിക് മലിനീകരണം തടയും. പ്ലാസ്റ്റിക് ഉത്പാദനവുമായും മാലിന്യം കത്തിക്കുന്നതുമായും ബന്ധപ്പെട്ട ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.