ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഇന്ത്യൻ സംഭാവനകളുടെ ചരിത്രം രചിക്കാൻ കൈകോർത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും (ഐ.സി.എച്ച്.ആർ.) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ.യും.

To advertise here,

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ‘വിശ്വ ഗുരു’ (ആഗോള നേതാവ്) ആണ് ഇന്ത്യയെന്ന് തെളിയിക്കാൻ പുരാതന ഗ്രന്ഥങ്ങളിൽനിന്നുള്ള തെളിവുകൾ ശേഖരിച്ചാണ് ‘ഹിസ്റ്ററി ഓഫ് ഇന്ത്യൻ സയൻസ് ആൻഡ്‌ ടെക്നോളജി’ എന്നപേരിൽ ചരിത്രം രചിക്കുക.

ശാസ്ത്രരംഗത്തെ അക്കാദമിക വിദഗ്ധരെയും ചരിത്രകാരന്മാരെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്ന് ഐ.സി.എച്ച്.ആറിന്റെ മെമ്പർ സെക്രട്ടറി ഉമേഷ് അശോക് കദം പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര-സാങ്കേതിക ചരിത്രത്തെക്കുറിച്ച് പുരാതന ഗ്രന്ഥങ്ങളിലും മതഗ്രന്ഥങ്ങളിലും ഒട്ടേറെ വിവരങ്ങൾ ലഭ്യമാണെങ്കിലും അവ ഏകോപിപ്പിച്ച് ആരും പുസ്തകമാക്കിയിട്ടില്ല. അതിനാൽ, യഥാർഥ ഇന്ത്യൻ ചരിത്രം ഇതിഹാസമായും ഐതിഹ്യം മിത്തായും മാറുന്നു. ഇതിന് പരിഹാരം കാണണം. ശാസ്ത്രം, ടെക്നോളജി, എൻജിനിയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യൻ സംഭാവനകളെല്ലാം ചരിത്രത്തിൽ ഉൾപ്പെടുത്തും. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം എന്നിവയെല്ലാം ബഹിരാകാശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഐ.എസ്.ആർ.ഒ.യെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.