ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. ചിത്രങ്ങളിൽനിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താൻ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനിമുതൽ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടി വരും. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കുമെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യതയെ ഈ പുതിയ സംവിധാനം സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

To advertise here,

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യേണ്ടി വരും. ഗൂഗിൾ പ്ലേ സർവീസസ് 25.41.30 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധിക്കുക.

സ്വകാര്യതാ പ്രശ്നം

സാധാരണ ഒരു വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ അതിൽ ഗൂഗിൾ ഐഡിയോ മറ്റോ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. എന്നാൽ ഏത് ബ്രൗസർ ഉപയോഗിച്ചാലും അല്ലെങ്കിൽ ബ്രൗസറിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തില്ലെങ്കിലും, ഈ സംവിധാനം വഴി നിങ്ങളുടെ വെബ്സൈറ്റ് സന്ദർശന വിവരങ്ങൾ നിങ്ങളുടെ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും.

ആൻഡ്രോയിഡ് ഫോണുകളിൽ എപ്പോഴും ഗൂഗിൾ പ്ലേ സർവീസസ് ലോഗിൻ ചെയ്തിരിക്കുന്നതിനാലാണിത്. ലോകമെമ്പാടുമുള്ള 5.3 ദശലക്ഷത്തിലധികം കമ്പനികൾ ഗൂഗിൾ റീകാപ്ച (reCAPTCHA) ഉപയോഗിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളുടെ പൂർണവിവരങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ ലഭിക്കാൻ ഈ പുതിയ മാറ്റം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐഫോൺ, ഡീ-ഗൂഗിൾഡ് ഫോൺ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?

ഗ്രാഫീൻ ഒഎസ് പോലുള്ള 'ഡീ-ഗൂഗിൾഡ്' ഫോണുകളിൽ ഈ പുതിയ ക്യുആർ വെരിഫിക്കേഷൻ പരാജയപ്പെടാനാണ് സാധ്യത. ഗൂഗിൾ പ്ലേ സർവീസസ് ഇല്ലാത്തതാണ് ഇതിന് കാരണം. അതേസമയം, ഗൂഗിൾ സേവനങ്ങൾ ഇല്ലാത്ത ഐഫോൺ ഉപയോക്താക്കൾക്ക് ഈ ക്യുആർ ടെസ്റ്റ് പാസാകാൻ റീകാപ്ച (reCAPTCHA) എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ടി വരും.

റെഡ്ഡിറ്റിലെ "gib_me_gold" എന്ന ഉപയോക്താവാണ് ഇതുസംബന്ധിച്ച സ്ക്രീൻഷോട്ടുകൾ ആദ്യമായി പുറത്തുവിട്ടത്. 2025 ഒക്ടോബർ മുതൽ ഗൂഗിൾ ഈ പുതിയ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണെന്നാണ് വിവരങ്ങൾ. ഗൂഗിൾ ഇതിനെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.